2025 ഏഷ്യാ കപ്പ് മത്സരത്തിൽ പാകിസ്ഥാൻ ടീമുമായുള്ള ഹസ്തദാനം ഒഴിവാക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനം ആരാധകർക്ക് ഞെട്ടൽ തന്നെ ആയിരുന്നു. പക്ഷേ ഇക്കാര്യം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യൻ ടീമുമായി കൈ കൊടുക്കാൻ പാകിസ്ഥാൻ കാത്തുനിൽക്കുക ആയിരുന്നു. പക്ഷേ ഇന്ത്യൻ ഡ്രസിങ് റൂമിന്റെ വാതിലുകൾ ടീം പാകിസ്ഥാന് മുന്നിൽ അടച്ച. ഇന്ത്യയുടെ നിലപാട് ഇങ്ങനെ ആകുമെന്ന് മാച്ച് റഫറി പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്.
പാകിസ്ഥാൻ കളിക്കാരുമായുള്ള എല്ലാ സൗഹൃദ നടപടികളും അവഗണിക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കിടയിൽവലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ജീവൻ നഷ്ടപ്പെട്ട സൈനികരെയും പഹൽഗാം ഭീകരാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സാധാരണക്കാരെയും ആദരിച്ചുകൊണ്ട്, ഇന്ത്യൻ ടീം പാകിസ്ഥാൻ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കി. ഇത് സൽമാനെയും സംഘത്തെയും നിരാശപ്പെടുത്തി.
ടോസ് സമയത്ത് സൂര്യകുമാറുമായി ഹസ്തദാനം ചെയ്യരുതെന്ന് മാച്ച് റഫറി ക്യാപ്റ്റൻ സൽമാനോട് ആവശ്യപ്പെട്ടതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ തീരുമാനത്തെ ‘സ്പോർട്സ്മാൻസ്പിരിറ്റിന് ചേർന്നതല്ല’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, പിസിബി ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്താൻ തീരുമാനിച്ചു. ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനും മുകളിൽ ആണെന്നാണ് സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞത്.
പിസിബി ഒരു പ്രസ്താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, അതിൽ ഇങ്ങനെ പറയുന്നു: “ടോസ് സമയത്ത് മാച്ച് റഫറി ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് ഇന്ത്യൻ താരത്തിന് ഹസ്തദാനം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പെരുമാറ്റം സ്പോർട്സ്മാൻ സ്പിരിറ്റിന് ചേർന്നതല്ല. ഇന്ത്യയാണ് ടൂർണമെൻറിൻറെ ആതിഥേയരെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ താരങ്ങളുടെ നടപടി കളിയുടെ മാന്യതക്ക് നിരക്കാത്തതാണെന്നും പറയുന്നു. പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് പ്രതിഷേധം രേഖപ്പെടുത്തുന്നു.”
മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റന് കൈ കൊടുക്കാൻ മുതിരരുതെന്ന് നിർദേശിച്ച മാച്ച് റഫറിക്കെതിരെ പാകിസ്ഥാൻ ഔദ്യോഗികമായി പരാതി നൽകുമെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു
Discussion about this post