പട്ന : അനധികൃത കുടിയേറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ആണെന്ന് മോദി വ്യക്തമാക്കി. ബീഹാറിലെ പൂർണിയയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി വ്യക്തമാക്കി.
ആർജെഡിയുടെയും കോൺഗ്രസിന്റെയും ഭരണത്തിലൂടെ ബീഹാർ ഏറ്റവും മോശം അവസ്ഥയിലൂടെ ആണ് കടന്നുപോയത്. അവർ നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചു. അത് സംസ്ഥാനത്തിന്റെ മാനവും സ്വത്വവും അപകടത്തിൽ ആക്കി. സീമാഞ്ചലിലും കിഴക്കൻ ഇന്ത്യയിലും നുഴഞ്ഞുകയറ്റക്കാർ കാരണം ഇന്ന് വലിയൊരു ജനസംഖ്യാ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ബീഹാർ, ബംഗാൾ, അസം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങൾ അവരുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്” മോദി വ്യക്തമാക്കി.
“രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഞാൻ ചെങ്കോട്ടയിൽ നിന്ന് ഡെമോഗ്രഫി മിഷൻ പ്രഖ്യാപിച്ചത്. എന്നാൽ, വോട്ട് ബാങ്കിന്റെ സ്വാർത്ഥത നോക്കൂ, കോൺഗ്രസും ആർജെഡിയും അവരുടെ ആളുകളും നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടി വാദിക്കുന്നതിലും അവരെ രക്ഷിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നു. വിദേശത്ത് നിന്ന് വരുന്ന നുഴഞ്ഞുകയറ്റക്കാർക്കായി ഈ ആളുകൾ ലജ്ജയില്ലാതെ മുദ്രാവാക്യങ്ങൾ ഉയർത്തുകയും യാത്രകൾ നടത്തുകയും ചെയ്യുന്നു. ആർജെഡിയുടെയും കോൺഗ്രസിന്റെയും ഈ കൂട്ടം ആളുകളേ, ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കൂ. നുഴഞ്ഞുകയറ്റക്കാർ ആരായാലും അവർ പുറത്തുപോകേണ്ടിവരും. നുഴഞ്ഞുകയറ്റം തടയുക എന്നത് എൻഡിഎയുടെ ഉറച്ച ഉത്തരവാദിത്തമാണ്. നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും, അവരെ നീക്കം ചെയ്യുന്നതിനുള്ള തീരുമാനത്തിൽ ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ അവരെ വെല്ലുവിളിക്കുന്നു. നുഴഞ്ഞുകയറ്റക്കാരുടെ ഇഷ്ടമല്ല, ഇന്ത്യയുടെ നിയമമാണ് ഇന്ത്യയിൽ നിലനിൽക്കുക. ഇതാണ് മോദിയുടെ ഉറപ്പ് ” എന്നും ബീഹാറിലെ ജനങ്ങളോട് പ്രധാനമന്ത്രി മോദി അറിയിച്ചു.
Discussion about this post