ന്യൂഡൽഹി: ലക്ഷദ്വീപിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് ഇസ്രായേലും. ലക്ഷദ്വീപിന്റെ ചിത്രങ്ങൾ ഇസ്രായേൽ എംബസി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ മാലിദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം ഏറെ വിവാദമായിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യയ്‌ക്കൊപ്പമെന്ന നിലപാട് പരസ്യപ്പെടുത്തി ലക്ഷദ്വീപിന്റെ ചിത്രങ്ങൾ ഇസ്രായേൽ എംബസി പങ്കുവച്ചത്.
കഴിഞ്ഞ വർഷം ജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കായി ഇസ്രായേൽ എംബസി പ്രതിനിധികൾ കേന്ദ്രസർക്കാർ ക്ഷണിച്ചതിനെ തുടർന്ന് ലക്ഷദ്വീപിൽ എത്തിയിരുന്നു. അന്ന് എടുത്ത ചിത്രങ്ങളാണ് എംബസി ട്വീറ്റ് ചെയ്തിട്ടുള്ളത്. ലക്ഷദ്വീപിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഇസ്രായേൽ തയ്യാറാണെന്ന് എംബസി ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു. ഇതുവരെ ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാത്തവർക്കായി ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ഈ ചിത്രങ്ങൾ ദ്വീപിന്റെ വശ്യത വിളിച്ചോതുന്നത് ആണെന്നും എംബസി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് മാലിദ്വീപിലെ മന്ത്രിമാർ രംഗത്ത് എത്തിയത്. യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരാണ് വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി കോമാളിയാണെന്നും, മാലിദ്വീപിനോട് മത്സരിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല എന്നുമായിരുന്നു മന്ത്രിമാരുടെ പരാമർശം. ഇതിന് പിന്നാലെ മൂന്ന് മന്ത്രിമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.








