ലക്‌നൗ: പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാമക്ഷേത്രത്തിലേക്ക് ലഡ്ഡു വഴിപാടായി നൽകാൻ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സനസ്ഥാൻ. 200 കിലോ ലഡ്ഡുവാണ് ക്ഷേത്രത്തിലേക്ക് സംഘടന നൽകുക. മകര സംക്രമ ദിനത്തിൽ ക്ഷേത്രത്തിലേക്ക് ലഡ്ഡു എത്തിക്കുമെന്ന് സംഘടന വ്യക്തമാക്കി.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 16 മുതൽ 22 വരെ ക്ഷേത്രത്തിൽ യാഗം നടക്കുന്നുണ്ട്. ഈ യാഗത്തിന് വേണ്ടിയാണ് ലഡ്ഡു നൽകുന്നത്. ഡ്രൈ ഫ്രൂട്ട്‌സ്, കുങ്കുമപ്പൂവ് മുതലായവ ഉപയോഗിച്ചുകൊണ്ട് പ്രത്യേക തരത്തിൽ തയ്യാറാക്കിയ ലഡ്ഡുവാണ് ക്ഷേത്രത്തിന് നൽകുക. തയ്യാറാക്കിയ ലഡ്ഡുകൾ തേരിന്റെ മാതൃകയിൽ തയ്യാറാക്കിയ വാഹനത്തിൽ ആഘോഷ പൂർവ്വമായിട്ടാകും ക്ഷേത്രത്തിൽ എത്തിക്കുക. ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സനസ്ഥാനിലെ ആറ് അംഗങ്ങൾക്ക് പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ക്ഷണം ഉണ്ട്.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടന സംഘടിപ്പിക്കുന്നത്. നാമനവമിയ്ക്ക് നടക്കുന്ന സമാനമായ ആഘോഷങ്ങൾ പ്രാണപ്രതിഷ്ഠാ ദിനത്തിലും സംഘടിപ്പിക്കും. ശ്രീരാമന്റെയും സീതാ ദേവിയുടെ വിഗ്രഹങ്ങൾ അലങ്കരിച്ച് ഘോഷയാത്ര നടത്തും. രാവിലെ ഒൻപത് മണി മുതൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് മധുരം വിതരണം ചെയ്യുമെന്ന് ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവ സനസ്ഥാൻ അംഗം ഗോപേശ്വർ ചതുർവേദി വ്യക്തമാക്കി.









