ഭോപ്പാൽ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി മദ്ധ്യപ്രദേശിൽ സംഘടിപ്പിച്ച ശോഭയാത്രയ്ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച മഗരിയ മേഖലയിൽ രാമഭക്തർ സംഘടിപ്പിച്ച ശോഭയാത്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജില്ലാ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാത്രി എട്ടരയോടെ ശോഭയാത്ര പ്രദേശത്തെ മസ്ജിദിന് സമീപത്തെ വഴിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. എട്ടോളം പേരടങ്ങിയ സംഘം ഭക്തരെ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ശോഭയാത്ര മസ്ജിദിന്റെ സമീപത്തു കൂടി കടത്തിവിടാൻ ആകില്ലെന്നും, വേറെ വഴി പോകാനും നിർദ്ദേശിച്ചു. ഇതേ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയായിരുന്നു.
ഇതിനിടെ മതതീവ്രവാദികൾ കൈവശം കരുതിയിരുന്ന കല്ലും മറ്റ് മാകരായുധങ്ങളും കൊണ്ട് പ്രദേശവാസികളെ ആക്രമിച്ചു. ഉടനെ രാമഭക്തർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 24 പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരിക്കേറ്റവർ നിലവിൽ പ്രദേശത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളായ കച്ചിവാഡ, ലാൽപുര എന്നിവിടങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.









