കൊൽക്കത്ത : പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. 55 വയസ്സായിരുന്നു.
പത്മഭൂഷൺ അടക്കമുള്ള ഉന്നത പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുള്ള വ്യക്തിയാണ് ഉസ്താദ് റാഷിദ് ഖാൻ. ഡിസംബറിൽ സെറിബ്രൽ അറ്റാക്ക് ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായത്. ഏതാനും ദിവസങ്ങളായി വെന്റിലേറ്റർ സപ്പോർട്ടോട് കൂടിയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
റാഷിദ് ഖാന്റെ മൃതദേഹം വൈകിട്ട് ആറുവരെ കൊൽക്കത്തയിലെ പീർലെസ് ആശുപത്രിയിൽ സൂക്ഷിക്കും. തുടർന്ന് ആരാധകർക്ക് അന്തിമോപചാരം അർപ്പിക്കാൻ കൊൽക്കത്തയിലെ പീസ് ഹെവനിലേക്ക് കൊണ്ടുപോകുന്നതാണ്. ജനുവരി 10നാണ് സംസ്കാരം നടത്തുക. ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.








