കാഠ്മണ്ഡു : നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് നഷ്ടപരിഹാരവും പിഴയും ഉൾപ്പെടെ എട്ട് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. നേപ്പാൾ ടീമിന്റെ മുൻ ക്യാപ്റ്റനായ സന്ദീപ് ലാമിച്ചനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന് വേണ്ടിയും കളിച്ചിരുന്നു.
നേപ്പാൾ കോടതിയിലെ ജസ്റ്റിസ് ശിശിർ രാജ് ധക്കലിന്റെ ബെഞ്ച് ആണ് ബുധനാഴ്ച സന്ദീപ് ലാമിച്ചനെയുടെ വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബർ 29ന് ലാമിച്ചനെയ്ക്കെതിരായ ബലാത്സംഗ കുറ്റം തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചിരുന്നു. ബലാത്സംഗം നടക്കുമ്പോൾ ഇരയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നതുകൂടി പരിഗണിച്ചാണ് കോടതി പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ജാമ്യത്തിലുള്ള സന്ദീപ് ലാമിച്ചനെ വിധി പ്രഖ്യാപിക്കപ്പെട്ടതോടെ ജയിലിലേക്ക് മടങ്ങി.
2022 സെപ്തംബർ 6നായിരുന്നു 22 കാരനായ ക്രിക്കറ്റ് താരത്തിനെതിരെ ഇരയായ പെൺകുട്ടി കേസ് ഫയൽ ചെയ്തത്. ആ സമയത്ത്, കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനായി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലായിരുന്നു ലാമിച്ചനെ. തുടർന്ന് ഒക്ടോബർ ആറിന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് നേപ്പാൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.
Discussion about this post