ന്യൂഡൽഹി : ഡിസംബർ മാസത്തിൽ വിമാന സർവീസുകളിൽ വ്യാപകമായി ഉണ്ടായ പ്രതിസന്ധിയുടെ പേരിൽ ഇൻഡിഗോ എയർലൈൻസിനെതിരെ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2025 ഡിസംബറിൽ ഉണ്ടായ വൻതോതിലുള്ള വിമാന റദ്ദാക്കലുകൾക്കും കാലതാമസത്തിനും ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി. ഒരു വിമാന കമ്പനിക്കെതിരെ ഡിജിസിഎ ഇതുവരെ സ്വീകരിച്ചിരിക്കുന്ന ഏറ്റവും വലിയ നടപടിയാണിത്.
സാമ്പത്തിക പിഴ ചുമത്തുക കൂടാതെ, എയർലൈനിന്റെ ഉന്നത മാനേജ്‌മെന്റിനെ ഡിജിസിഎ ശാസിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് സിഇഒയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു മുതിർന്ന വൈസ് പ്രസിഡന്റിനെ പ്രവർത്തന ഉത്തരവാദിത്തത്തിൽ നിന്ന് നീക്കം ചെയ്യാനും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.
‘അമിത ഒപ്റ്റിമൈസേഷനും’ തയ്യാറെടുപ്പില്ലായ്മയും ആണ് പ്രതിസന്ധിയുടെ കാരണമെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. 2025 ഡിസംബർ 3 നും 5 നും ഇടയിൽ ഇൻഡിഗോ വിമാന സർവീസുകളിൽ ഉണ്ടായ വ്യാപക തടസങ്ങളെ തുടർന്ന് 2,507 വിമാനങ്ങൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകിപ്പിക്കുകയും ചെയ്തു. ഇത് 300,000-ത്തിലധികം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയതിന് കാരണമായി. സിസ്റ്റം സോഫ്റ്റ്‌വെയറിലെ പോരായ്മകളും നിയന്ത്രണ തയ്യാറെടുപ്പിന്റെ അഭാവവും തടസ്സത്തിന്റെ പ്രധാന കാരണങ്ങളായി ബിജിസി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.










Discussion about this post