ലഖ്‌നൗ : കോൺഗ്രസ് കാശിയെ അപകീർത്തിപ്പെടുത്തുന്നത് നിരന്തരമായി തുടരുകയാണെന്ന് കുറ്റപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മണികർണിക ഘട്ട് നവീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൃത്രിമ ബുദ്ധിയാൽ നിർമ്മിച്ച വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെയാണ് യോഗി വിമർശനമുന്നയിച്ചത്. കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“എല്ലാ ഭാരതീയരും ആദരിക്കുന്ന നിത്യനഗരമാണ് കാശി. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഭൂതപൂർവമായ പുനരുജ്ജീവനമാണ് കാശിയിൽ ഉണ്ടായത്. പുരാതന ആത്മീയ സ്വത്വം നിലനിർത്തിക്കൊണ്ട് കാശിയെ ആധുനിക ലോക പൈതൃക നഗരമാക്കി മാറ്റുന്നതിനായി 55,000 കോടിയിലധികം രൂപയുടെ വിപുലമായ വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ പ്രക്രിയയിൽ, ഭക്തരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. 2014 ന് മുമ്പ്, ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരുടെ എണ്ണം പ്രതിദിനം 5,000 മുതൽ 25,000 വരെയായിരുന്നു. ഇന്ന്, അതേ കാശിയിൽ പ്രതിദിനം 1.25 ലക്ഷം മുതൽ 1.50 ലക്ഷം വരെ ഭക്തർ എത്തുന്നു. ദേശീയ ജിഡിപിയിലേക്ക് 1.3 ലക്ഷം കോടി രൂപ കാശി സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ കോൺഗ്രസ്സ് പാർട്ടി സനാതനത്തിന്റെ മതവികാരങ്ങളെ വളച്ചൊടിക്കുകയും കാശിയെ നിരന്തരമായി അപമാനിക്കുന്നത് തുടരുകയുമാണ്” എന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.










Discussion about this post