അതിർത്തിയിലെ രാഷ്ട്രീയ സംഘർഷങ്ങളും നയതന്ത്ര വിള്ളലുകളും കളി മൈതാനങ്ങളിലേക്കും പടരുന്നു. സിംബാബ്‌വെയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി നടന്ന ടോസിനിടെ ഹസ്തദാനം ഒഴിവാക്കി ഇന്ത്യൻ നായകൻ ആയുഷ് മാത്രെ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാർ കൈനീട്ടിയിട്ടും അത് ഗൗനിക്കാതെ മ്ഹാത്രെ തിരിഞ്ഞുനടക്കുകയായിരുന്നു.
ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളും നയതന്ത്ര തലത്തിലുള്ള ഉരസലുകളും കായിക രംഗത്തെയും ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.പതിവ് പോലെ ടോസിനായി ഗ്രൗണ്ടിലെത്തിയ ഇരുനായകന്മാരും തമ്മിൽ മിണ്ടാനോ പരസ്പരം നോക്കാനോ പോലും തയ്യാറായില്ല. ടോസിന് ശേഷം ബംഗ്ലാദേശ് നായകൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആയുഷ് മ്ഹാത്രെ ഹസ്തദാനം നൽകാതെ അവിടെ നിന്ന് മാറിനിന്നു.
ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ സ്ലെഡ്ജിംഗിലൂടെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും താരം ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടിച്ചു. ദേശീയ ഗാനത്തിനായി ഗ്രൗണ്ടിലെത്തിയപ്പോഴും ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ യാതൊരുവിധ ആശയവിനിമയവും ഉണ്ടായില്ല.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല ചെയ്യപ്പെടുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ബിസിസിഐ ഇടപെട്ട് പുറത്താക്കിയിരുന്നു. ഇതിൽ പ്രകോപിതരായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഫെബ്രുവരി 7-ന് തുടങ്ങുന്ന ടി20 ലോകകപ്പിനായി ഭാരതത്തിലേക്ക് വരില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവർ ഐസിസിക്ക് കത്തയച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിൽ പാകിസ്താനെതിരെയാണ് ഭാരതം ഈ ‘നോ ഹാൻഡ്‌ഷേക്ക്’ ) നയം ആരംഭിച്ചത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് കൈകൊടുക്കാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വിസമ്മതിച്ചിരുന്നു.അതിർത്തിയിൽ സൈന്യം നടത്തുന്ന ‘ഒപ്പറേഷൻ സിന്ദൂറിന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യൻ ടീം അന്ന് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. വനിതാ ലോകകപ്പിലും അണ്ടർ 19 ഏഷ്യാ കപ്പിലും ഭാരതം ഇതേ നയം തുടർന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും പാകിസ്താന് ഭാരതം കൈകൊടുക്കില്ലെന്നാണ് സൂചന.











Discussion about this post