ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിക്കുന്നില്ല. പെട്രോൾ പമ്പിൽ അടിച്ച ഇന്ധനത്തിന് പണം ചോദിച്ച 30-കാരനായ ഹിന്ദു യുവാവിനെ എസ്‌യുവി കാർ കയറ്റി കൊലപ്പെടുത്തി. രാജ്‌ബാരി ജില്ലയിലെ ഗോവലന്ത മോറിലെ കരീം ഫില്ലിംഗ് സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പമ്പ് ജീവനക്കാരനായ റിപ്പൺ സാഹയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കാർ ഉടമയും പ്രതിപക്ഷ പാർട്ടിയായ ബിഎൻപി മുൻ നേതാവുമായ അബുൽ ഹാഷെം സുജൻ (55), ഡ്രൈവർ കമൽ ഹൊസൈൻ (43) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ പമ്പിലെത്തിയ കറുത്ത നിറത്തിലുള്ള എസ്‌യുവിയിൽ 3,710 രൂപയുടെ (ഏകദേശം 5,000 ടാക്ക) ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനായി കാറിന് മുന്നിൽ നിന്ന റിപ്പൺ സാഹയുടെ ശരീരത്തിലൂടെ പ്രതികൾ മനഃപൂർവ്വം കാർ ഓടിച്ചു കയറ്റുകയായിരുന്നു. റിപ്പൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതിയായ അബുൽ ഹാഷെം രാജ്‌ബാരി ജില്ലാ ബിഎൻപി ട്രഷററും യുവദൾ മുൻ പ്രസിഡന്റുമാണ്. ഇയാൾ നിലവിൽ വലിയൊരു കരാറുകാരനായും പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രാദേശിക ഹിന്ദു സംഘടനകൾ ആരോപിച്ചു.
ഫെബ്രുവരി 12-ന് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്.ഹിന്ദു വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടിംഗിൽ നിന്ന് അകറ്റി നിർത്താനാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ആരോപിച്ചു. 2025 ഡിസംബറിൽ മാത്രം 51 വർഗീയ അതിക്രമങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 45 ദിവസത്തിനിടെ 15-ഓളം ഹിന്ദുക്കൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.











Discussion about this post