2003-ൽ വെസ്റ്റ് ഇൻഡീസിലെ ആന്റിഗ്വയിൽ നടന്ന ആ ടെസ്റ്റ് മത്സരം കേവലം ഒരു ക്രിക്കറ്റ് കളിയായിരുന്നില്ല; അത് ഒരു ഇതിഹാസത്തിന്റെ പതനത്തിന്റെയും ഒരു യുവപോരാളിയുടെ ഉദയത്തിന്റെയും കഥയായിരുന്നു. ലോകക്രിക്കറ്റിലെ ചക്രവർത്തിമാരായ ഓസ്‌ട്രേലിയ അന്ന് തങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലായിരുന്നു. മറുഭാഗത്ത് പണ്ട് ലോകം ഭരിച്ചിരുന്ന വെസ്റ്റ് ഇൻഡീസാകട്ടെ തകർച്ചയുടെ വക്കിലായിരുന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരാൻ നിൽക്കുകയാണ്.
നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസിന് മുന്നിൽ വെച്ചുനീട്ടിയത് 418 റൺസ് എന്ന അസാധ്യമായ വിജയലക്ഷ്യമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ 126 വർഷത്തെ ചരിത്രത്തിൽ അതുവരെ ആരും അത്രയും റൺസ് പിന്തുടർന്ന് ജയിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസ് തോൽവി സമ്മതിക്കുമെന്ന് കരുതിയെങ്കിലും യുവതാരം റംനരേഷ് സർവനും ചന്ദർപോളും ചേർന്ന് തിരിച്ചടിക്കാൻ തുടങ്ങി. ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ പന്തുകൾ സർവാൻ ആത്മവിശ്വാസത്തോടെ അതിർത്തി കടത്തി. തന്റെ കരിയറിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം നടത്തേണ്ടി വന്ന മഗ്രാത്തിന് നിയന്ത്രണം നഷ്ടമായി.
സർവനെ മാനസികമായി തകർക്കാൻ മഗ്രാത്ത് ഒരു ആയുധം പ്രയോഗിച്ചു—മോശമായ സ്ലെഡ്ജിംഗ്. സർവാന്റെ അടുത്തെത്തിയ മഗ്രാത്ത് ആ അശ്ലീല ചോദ്യം ചോദിച്ചു: “ബ്രയാൻ ലാറയുടെ ലിംഗത്തിന് എന്ത് രുചിയാണെന്ന് നിനക്കറിയാമോ?”സാധാരണ ഒരു യുവതാരം മഗ്രാത്തിനെപ്പോലൊരു വമ്പന്റെ മുന്നിൽ പതറിപ്പോകുമായിരുന്നു. എന്നാൽ പുഞ്ചിരിച്ചുകൊണ്ട് സർവാൻ നൽകിയ മറുപടി മഗ്രാത്തിനെ തളർത്തിക്കളഞ്ഞു:”എനിക്കറിയില്ല, ഒരുപക്ഷേ നിന്റെ ഭാര്യയോട് ചോദിച്ചാൽ അവൾ പറഞ്ഞുതന്നേക്കും!”
മഗ്രാത്തിന്റെ മുഖം പെട്ടെന്ന് ചുവന്നു. ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ ശരീരം വിറച്ചു. കാരണം, മഗ്രാത്തിന്റെ ഭാര്യ ജെയ്ൻ അന്ന് അർബുദത്തോട് പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം കുടുംബത്തെ വലിച്ചിഴച്ചത് മഗ്രാത്തിന് സഹിക്കാനായില്ല. വിരൽ ചൂണ്ടിക്കൊണ്ട് മഗ്രാത്ത് ആക്രോശിച്ചു: “നീ ഇനി എന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കരുത്. സംസാരിച്ചാൽ നിന്റെ തൊണ്ട ഞാൻ മുറിച്ചുകളയും!”
യഥാർത്ഥത്തിൽ മഗ്രാത്തിന്റെ ഭാര്യയുടെ അസുഖത്തെക്കുറിച്ച് സർവന് അറിയില്ലായിരുന്നു. തന്നോട് മോശമായി സംസാരിച്ച മഗ്രാത്തിന് ഒപ്പത്തിനൊപ്പം മറുപടി നൽകി എന്ന് മാത്രമേ സർവൻ കരുതിയുള്ളൂ. ഗ്രൗണ്ടിലെ ആ ചൂടേറിയ തർക്കം സർവന്റെ ബാറ്റിനെ കൂടുതൽ മൂർച്ചയുള്ളതാക്കി. മഗ്രാത്തിന്റെ ഓരോ പന്തിനെയും സർവാൻ ക്രൂരമായി പ്രഹരിച്ചു. 105 റൺസ് നേടി സർവൻ പുറത്താകുമ്പോഴേക്കും വെസ്റ്റ് ഇൻഡീസ് ചരിത്ര വിജയത്തിന്റെ പടിവാതിൽക്കൽ എത്തിയിരുന്നു.
ഒടുവിൽ, ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെസ്റ്റ് ഇൻഡീസ് ആ ലക്ഷ്യം മറികടന്നു. 418 റൺസ് പിന്തുടർന്ന് ജയിച്ച് അവർ ലോകറെക്കോർഡ് കുറിച്ചു. മഗ്രാത്തിന്റെ അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ആ തോൽവി.













Discussion about this post