പതിറ്റാണ്ടുകൾ നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് തിരുവനന്തപുരം കോർപ്പറേഷന്റെ തലപ്പത്തെത്തിയ ബിജെപി ഭരണസമിതി, നഗരസഭയുടെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നു. കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങളുമായി മേയർ വി.വി. രാജേഷ് നേരിട്ട് രംഗത്തെത്തി. ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള ‘കറവ പശു’വല്ല കോർപ്പറേഷനെന്നും അഴിമതി ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മേയർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ, ഭരണസംവിധാനത്തെ ശുദ്ധീകരിക്കാനുള്ള ‘ക്ലീൻ സിറ്റി’ ദൗത്യത്തിന്റെ ഭാഗമായാണ് മേയറുടെ ഈ ഇടപെടൽ.കോർപ്പറേഷൻ ഓഫീസുകളിൽ രാഷ്ട്രീയ അതിപ്രസരം വേണ്ടെന്ന വ്യക്തമായ സന്ദേശമാണ് വി.വി. രാജേഷ് നൽകിയിരിക്കുന്നത്.
രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ഉദ്യോഗസ്ഥർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. കൊടി കെട്ടുന്നതിനോ പാർട്ടി പ്രവർത്തനം നടത്തുന്നതിനോ തടസ്സമില്ല, എന്നാൽ അത് ജോലി സമയത്ത് പാടില്ല.രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ കഴിഞ്ഞാൽ ഫ്ലക്സുകളും തോരണങ്ങളും നിർബന്ധമായും നീക്കം ചെയ്യണം. നഗരത്തിന്റെ ഭംഗി നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായി ഫയലുകൾ പിടിച്ചുവെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി നടക്കില്ലെന്ന് മേയർ വ്യക്തമാക്കി.
അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഫയലുകൾ പിടിച്ചുവെക്കരുത്. ഓരോ അപേക്ഷയിലും സമയബന്ധിതമായി തീരുമാനമെടുക്കണം.ഓഫീസുകളിൽ എത്തുന്ന ജനങ്ങളോട് ഉദ്യോഗസ്ഥർ സൗഹാർദ്ദപരമായി പെരുമാറണം. പൊതുജനങ്ങളുടെ നികുതി പണം കൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതെന്ന ബോധം വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“തലസ്ഥാന നഗരത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. അഴിമതിയില്ലാത്ത, സുതാര്യമായ ഭരണം ഉറപ്പാക്കാൻ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് മേയർ വി.വി. രാജേഷ് ആവർത്തിച്ചു.











Discussion about this post