ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.
വൈകീട്ടോടെയാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ് കൈമാറിയത്. ശ്രീനഗറിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഹാജരാകുന്ന വേളയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദ്ദേശം ഉണ്ട്.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. അസോസിയേഷന്റെ ഫണ്ടിൽ കൃത്രിമം നടത്തി പണം ചില സ്വകാര്യ വ്യക്തികൾക്ക് ബാങ്ക് അക്കൗണ്ട് മുഖേന കൈമാറിയെന്നാണ് പരാതി. സംഭവത്തിൽ 2022 ലായിരുന്നു ഇഡി കേസ് രജിസ്റ്റർ ചെയ്തത്. പരാതിയിൽ സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.










