കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമർശനവുമായി എംടി വാസുദേവൻ നായർ. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ തുറന്നടിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.
തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇഎംഎസിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ പിണറായി വേദി വിട്ടു.
Discussion about this post