ലക്‌നൗ: രാജ്യമെമ്പാടും ആകാംക്ഷയോടെ കാത്തിരുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് പ്രമുഖരുൾപ്പെടെ 15,000ത്തോളം പേർ പങ്കെടുക്കും എന്നാണ് സൂചന. ഇവർക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള തിരക്കിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നൂർ അലം.
പ്രാണപ്രതിഷ്ഠയ്ക്ക് എത്തുന്നവർക്ക് താമസിക്കാനായി ക്ഷേത്രത്തിന് സമീപം ടെന്റ് സിറ്റി ഒരുക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണ ചുമതല നൂർ അലമിനാണ്. പ്രാണപ്രതിഷ്ഠയ്ക്ക് എത്തുന്നവർക്കായുള്ള മുറികൾ, ഇവർക്ക് ആഹാരം നൽകുന്നതിനായുള്ള ഭോജനശാല എന്നിവയാണ് ടെന്റ് സിറ്റിയിൽ ഉള്ളത്. ഇതിന്റെ നിർമ്മാണമാണ് നൂർ അലമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
രാമജന്മഭൂമിയിലാണ് കുടുംബവുമൊത്ത് നൂർ അലമിന്റെ താമസം. രാമക്ഷത്ര ട്രസ്റ്റാണ് നൂർ അലമിനെ ടെന്റ് സിറ്റിയുടെ നിർമ്മാണം ഏൽപ്പിച്ചത്. ഇത്രയും അധികം ആളുകൾക്ക് താമസ സൗകര്യം ഒരുക്കുക ശ്രമകരമായ ദൗത്യം ആണെങ്കിലും താൻ മികച്ച രീതിയിൽ ഇത് പൂർത്തിയാക്കുമെന്നാണ് നൂർ അലം പറയുന്നത്.
നൂർ അലമിന്റെ കീഴിയിൽ നിരവധി തൊഴിലാളികൾ ചേർന്നാണ് ടെന്റ് സിറ്റി നിർമ്മിക്കുന്നത്. ഇതിന് പുറമേ ക്ഷേത്രത്തിന്റെ പണികളും പുരോഗമിക്കുകയാണ്. മൊത്തം 20,000 ഓളം പേർ ഇവിടെ നിലവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇവർക്കായി ഭക്ഷണവും ലഘു ഭക്ഷണവും എത്തിക്കുന്നത് നൂർ അലമാണ്. ഇതിന് പുറമേ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാൻ എത്തുന്ന ട്രസ്റ്റ് അംഗങ്ങൾക്ക് നൂർ അലമാണ് ഭക്ഷണം നൽകുന്നത്.
ഭഗവാൻ ശ്രീരാമന്റെ ഭക്തർക്ക് ഭക്ഷണം നൽകുന്നതിനേക്കാൾ ശ്രേഷ്ഠമായ കർമ്മം മറ്റെന്തുണ്ടെന്ന് നൂർ അലം പറയുന്നു. ഈ തീരുമാനം എടുത്തത് തെറ്റായി പോയി എന്ന് തനിക്ക് പോകുന്നില്ല. മറ്റാർക്കെങ്കിലും എന്തെങ്കിലും തോന്നുമോയെന്ന കാര്യത്തെക്കുറിച്ചും ചിന്തിക്കുന്നില്ല. തങ്ങൾക്ക് തങ്ങളുടേതായ ഉത്തരവാദിത്വം ഉണ്ട്. അത് അടുത്ത തുലമുറയ്ക്കും കൈമാറും.
അയോദ്ധ്യയ്ക്കുണ്ടായ മാറ്റങ്ങളിൽ ഏറെ സന്തോഷമുണ്ട്. കുട്ടിക്കാലത്ത് ഈ പ്രദേശത്തേക്ക് വരാൻ പോലും മടിയായിരുന്നു. എന്നാൽ ഇന്ന് ഇവിടെ കാലുറച്ച് നിൽക്കുന്നു. അയോദ്ധ്യയുടെ വികസനം കാണുമ്പോൾ സന്തോഷത്താൽ കണ്ണു നിറയുന്നുവെന്നും നൂർ അലം വ്യക്തമാക്കുന്നു.









