ന്യൂയോർക്ക് : 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. പ്രസിഡന്റ് മത്സരത്തിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ആദ്യ മത്സരമായ അയോവ കോക്കസുകളിൽ മോശം പ്രകടനം കാഴ്ചവച്ചതാണ് വിവേക് രാമസ്വാമിയുടെ പിന്മാറ്റത്തിന് കാരണമായി പറയപ്പെടുന്നത്.
38 വയസ്സുകാരനായ വിവേക് രാമസ്വാമി ഇന്ത്യൻ വംശജനായ അമേരിക്കൻ ബയോടെക് സംരംഭകനാണ്. 2023 ഫെബ്രുവരിയിലാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിവേക് രാമസ്വാമി വ്യക്തമാക്കിയിരുന്നത്. കുടിയേറ്റത്തെ കുറിച്ചുള്ള ശക്തമായ നിലപാടുകളിലൂടെ വോട്ടർമാരുടെ ഇടയിൽ രാമസ്വാമിക്ക് മികച്ച പിന്തുണ ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു.
പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനായി റിപ്പബ്ലികൻ പാർട്ടിയിൽ നടക്കുന്ന വോട്ടെടുപ്പിന്റെ ഭാഗമായി അമേരിക്കൻ സംസ്ഥാനമായ അയോവയിൽ തിങ്കളാഴ്ച നടത്തിയ വോട്ടെടുപ്പിൽ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് വിജയം കൈവരിച്ചത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിച്ചിരുന്നവരിൽ വിവേക് രാമസ്വാമിക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. ഫ്ലോറിഡ ഗവർണർ ആയ റോഡ് ഡിസാന്റീസ്, മുൻ യു എൻ അംബാസിഡർ ആയ നിക്കി ഹേലി എന്നിവരായിരുന്നു ട്രംപിന് ശേഷം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്.









Discussion about this post