ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ജവാന് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാൻഡ് മൈൻ പൊട്ടിത്തെറിച്ചാണ് അപടകം ഉണ്ടായത്. സംഭവ സമയം മൂന്ന് പേർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. രാവിലെ നിയന്ത്രണ രേഖയിൽ പതിവ് പരിശോധന നടത്തുകയായിരുന്നു മൂന്നംഗ സംഘം. ഇതിനിടെ ഭീകരർ സ്ഥാപിച്ചിരുന്ന മൈൻ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ മൂന്ന് പേർക്കും സാരമായി പരിക്കേറ്റു. വിവരം അറിഞ്ഞ മറ്റ് ഉദ്യോഗസ്ഥർ ഉടനെയെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ നഷ്ടമാകുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാ സേന പ്രദേശത്ത് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.











