ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രം. രാംലല്ലക്കായുള്ള നീണ്ട വർഷത്തെ കാത്തിരിപ്പിന് വരുന്ന തിങ്കളാഴ്ച്ചയോട് കൂടി വിരാമമാകും. രാംലല്ലയെ വരവേൽക്കാൻ അയോദ്ധ്യ നഗരം ഒരുങ്ങിക്കഴിഞ്ഞു. രാജ്യം മുഴുവൻ പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങളിലാണ്.
പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ശ്രീരാമക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമനെയും രാമക്ഷേത്രത്തെയും പഞ്ചഭൂതങ്ങളെയും ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റാമ്പുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്. ആറ് സ്റ്റാമ്പുകളാണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ശ്രീരാമനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സ്റ്റാമ്പുകളുടെ ആൽബവും പ്രധാനമന്ത്രി പുറത്തിറക്കി.
അയോദ്ധ്യ രാമക്ഷേത്രം, ഗണപതി, ഹനുമാൻ, ജഡായു, കേവത്രജ്, ശബരി എന്നിങ്ങനെയാണ് ആറ് സ്റ്റാമ്പുകൾ. 48 പേജുകളോട് കൂടിയ ആൽബത്തിൽ അമേരിക്ക, ന്യൂസിലാൻഡ്, സിംഗപ്പൂർ, കാനഡ, കംബോഡിയ തുടങ്ങിയ 20-ലധികം രാജ്യങ്ങളും യുഎൻ പോലുള്ള സംഘടനകളും പുറത്തിറക്കിയ സ്റ്റാമ്പുകളാണുള്ളത്. രാമക്ഷേത്രം, സരയൂ നദി, സൂര്യൻ, ക്ഷേത്രത്തിന് അകത്തും പുറത്തുമുള്ള ശിൽപ്പങ്ങൾ എന്നിവയാണ് ആൽബത്തിൽ ചേർത്തിരിക്കുന്ന വിവിധ സ്റ്റാമ്പുകൾ.
ഇത് മറ്റൊരു ചരിത്രമാണെന്ന് സ്റ്റാമ്പുകളും ആൽബവും രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും രാമഭക്തർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
‘എനിക്ക് ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠാ അഭിയാൻ സംഘടിപ്പിച്ച മറ്റൊരു പരിപാടിയിൽ കൂടി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ആറ് സ്റ്റാമ്പുകളും വിവിധ രാജ്യങ്ങളിൽ നിന്നും രാമദേവപ്രഭുവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ആൽബവും പുറത്തിറക്കാൻ സാധിച്ചു. ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള രാമഭക്തരെയും രാജ്യത്തെ പൗരന്മാരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’- പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post