ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന ശിരസാവഹിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചാണ് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണയജ്ഞം നടത്തണമെന്നും എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നത്. ഈ നിർദ്ദേശം അനുസരിച്ചാണ് അണ്ണാമലൈ ക്ഷേത്ര ശുചീകരണ യജ്ഞത്തിൽ പങ്കാളിയായത്.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കലാറാം ക്ഷേത്ര പരിസരം വൃത്തിയാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശുചീകരണ യജ്ഞത്തിന് മാതൃക കാണിച്ചിരുന്നു. ചെന്നൈ തിരുവാൺമിയൂരിലെ പാമ്പൻ സ്വാമി ക്ഷേത്രത്തിലാണ് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ശുചീകരണ യജ്ഞം നടത്തിയത്. മാലിന്യങ്ങൾ ശേഖരിച്ചു നിർമ്മാർജ്ജനം ചെയ്തും ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും കഴുകി വൃത്തിയാക്കിയും അണ്ണാമലൈ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി.
തമിഴ്നാട്ടിലാകെയായി ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെ 5000 ത്തോളം ആരാധനാലയങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ ശുചീകരിക്കുമെന്ന് തമിഴ്നാട് ബിജെപി വ്യക്തമാക്കി. വെള്ളിയാഴ്ച മുതൽ 22 ആം തീയതി വരെയുള്ള ദിവസങ്ങളിൽ ആയിട്ടായിരിക്കും ഈ ശുചീകരണ യജ്ഞം നടത്തുക. തിരുവാൺമിയൂരിലെ ക്ഷേത്ര ശുചീകരണത്തിൽ അണ്ണാമലൈയോടൊപ്പം നിരവധി ബിജെപി പ്രവർത്തകരും പൊതുജനങ്ങളും പങ്കാളികളായി.
Discussion about this post