ന്യൂഡൽഹി : എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച പ്രതി അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഈമാനി നവീൻ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. 23 വയസ്സുകാരനായ ഈമാനി നവീൻ ബിടെക് ബിരുദധാരിയാണ്.
കഴിഞ്ഞ ഒക്ടോബർ 13ന് ആയിരുന്നു ഈമാനി നവീൻ രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച് രശ്മികയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചത്. രശ്മിക മന്ദാനയുടെ പേരിലുള്ളത് അടക്കം നാലോളം സിനിമാതാരങ്ങളുടെ പേരിൽ ഇയാൾ വ്യാജ ഇൻസ്റ്റാഗ്രാം പേജ് സൃഷ്ടിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രശ്മിക മന്ദാനയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോവേഴ്സിന്റെ എണ്ണം കുറവായിരുന്നതിനാലാണ് ഇയാൾ ഇത്തരത്തിൽ ഒരു വ്യാജ വീഡിയോ നിർമിച്ചു പോസ്റ്റ് ചെയ്തത്. 90000 ഫോളോവേഴ്സ് ഉണ്ടായിരുന്ന പേജ് ഈ ഡീപ് ഫേക്ക് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ 108000 ഫോളോവേഴ്സ് ആയി ഉയർന്നു. എന്നാൽ ഈ വീഡിയോ മറ്റു പല പേജുകളിലും പ്രചരിക്കപ്പെട്ടതോടെ വലിയ വിവാദം ആവുകയായിരുന്നു. അമിതാഭ് ബച്ചൻ അടക്കമുള്ള നിരവധി പേർ ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾക്കെതിരെ നിയമനിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ പ്രതി ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് വീഡിയോ നീക്കം ചെയ്യുകയും പേജിന്റെ പേര് മാറ്റുകയും ചെയ്തിരുന്നു. വീഡിയോ നിർമ്മിക്കാനായി ഉപയോഗിച്ച കമ്പ്യൂട്ടറുകളിൽ നിന്നും എല്ലാ ഡാറ്റകളും ഇയാൾ ഇല്ലാതാക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് മെറ്റയോട് വിശദാംശങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് സംശയമുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ മെറ്റ പോലീസുമായി പങ്കുവെച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് പോലീസ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ എത്തി ഈമാനി നവീനെ അറസ്റ്റ് ചെയ്യുന്നത്.
Discussion about this post