മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾ പോലീസ് സ്റ്റേഷനിൽ ഹാജരായി. വധഭീഷണി ലഭിച്ചതിന് പിന്നാലെയായിരുന്നു ഇന്ന് രാവിലെ അദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മലപ്പുറം പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം എത്തിയത്. ഭീഷണി സന്ദേശം ലഭിച്ചതോടെ മലപ്പുറം പോലീസിൽ മുഈനലി പരാതി നൽകിയിരുന്നു. ഇതിന്റെ തുടർനടപടിയെന്നോണമാണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. അദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസിന് ശബ്ദ സന്ദേശവും മുഈനലി കൈമാറിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെയും അബ്ദുസമദ് സമദാനി എംപിയെയും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്.
മുഈനലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ എല്ലാം പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഈ പോക്ക് പോയാൽ വീൽ ചെയറിൽ ആയിരിക്കും ശിഷ്ടകാലം ജീവിക്കേണ്ടിവരികയെന്നും ഭീഷണിയുണ്ട്. റാഫി പുതിയകടവ് എന്നാണ് സന്ദേശം അയച്ചയാൾ പരിചയപ്പെടുത്തിയത് എന്നാണ് വിവരം.












