അയോദ്ധ്യ ; രാം ലല്ലയെ വരവേൽക്കാനായി രാജ്യത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനേകം പ്രമുഖർ അയോദ്ധ്യയിലേക്ക് എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമുൾപ്പെടെ വിവിഐപികളുടെ ഒരു നിരതന്നെ അയോദ്ധ്യയിലേക്കെത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളുടെ പഴുതടയ്ക്കാൻ കഠിനമായി പണിയെടുക്കുകയാണ് യുപി പോലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , ക്ഷേത്ര ട്രസ്റ്റ് പ്രസിഡണ്ട് നൃത്യ ഗോപാൽദാസ് എന്നിവർ രാം ലല്ലയുടെ മിഴിതുറക്കൽ ചടങ്ങിൻറെ സമയത്ത് ശ്രീകോവിലിൽ സന്നിഹിതരായിരിക്കും.
കാശിയിൽ നിന്നുള്ള ലക്ഷ്മീ കാന്ത് ദീക്ഷിത് ആണ് മുഖ്യ പുരോഹിതൻ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഥികൾ അയോദ്ധ്യയിലെത്തിചേർന്നു കഴിഞ്ഞു. സന്യാസി വര്യൻമാരും, ആത്മീയ നേതാക്കളുമുൾപ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികളെയാണ് ക്ഷേത്ര ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് അൻപതോളം പേർക്കാണ് ക്ഷണപത്രം ലഭിച്ചത്. അതിലിരുപത് പേർ സന്യാസിമാരാണ്.
മുകേഷ് അംബാനിയും ,ഗൌദം അദാനിയും കുമാർ മംഗലം ബിർലയുമുൾപ്പെടെ പ്രമുഖ വ്യവസായികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുകേഷ് അംബാനി തൻറെ എല്ലാ ജീവനക്കാർക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ, കായിക, സാംസ്ക്കാരിക രംഗത്ത് നിന്നും നിരവധി പേർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
സച്ചിൻടെണ്ടുൽക്കർ, വിരാട്കോഹ്ലി, എംഎസ് ധോണി, രജനീ കാന്ത്, അമിതാ ബച്ചൻ എന്നിവരെല്ലാം ഇതിനോടകം തന്നെ അയോദ്ധ്യയിലെത്തിക്കഴിഞ്ഞു. ഇൻഫോസിസ് സ്ഥാപകരായ എൻ.ആർ നാരായണ മൂർത്തിയും, ഭാര്യ സുധാ മൂർത്തിയും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.
നഗരത്തിലെങ്ങും യുപി പോലീസും സിആർപിഎഫും റോന്ത് ചുറ്റുന്നുണ്ട്. 13,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ നിരീക്ഷണത്തിനായി 10,000 സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്. .യു.പി ഭീകരവിരുദ്ധ കമാൻഡോകൾ റോന്ത് ചുറ്റുന്നുണ്ട്. ഡ്രോണുകളും ദേശീയ ദുരന്ത നിവാരണ സേനയും, ബോംബ് സ്ക്വാഡും ഉണ്ട്.
Discussion about this post