പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രത്തിന്റെ നടപടിയില്‍ കേരളത്തിന് വിയോജിപ്പുണ്ട്. കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച പ്രവര്‍ത്തനങ്ങളാണ് പ്രവാസികാര്യ മന്ത്രാലയം നടത്തി വന്നിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള ശിപാര്‍ശക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചത്. അതേ സമയം പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്റെ തെറ്റായ നടപടിയാണിതെന്നും പ്രവാസി സമൂഹത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ ഇതുമൂലം അവഗണിക്കപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഗള്‍ഫില്‍ നിന്ന് തിരികെ വരുന്നവരെ പുനരധിവസിപ്പിക്കാനും അവര്‍ക്കായി ഉണ്ടാക്കുന്ന പദ്ധതികളില്‍ പങ്കാളിയാകാനും കേന്ദ്രത്തിന് ബാധ്യതയുണ്ട്. ഗള്‍ഫില്‍ ജോലിയെടുക്കുന്നവര്‍ 2011ല്‍ 49,695 കോടിയാണ് ഈ രാജ്യത്തേക്കയച്ചത്.
ഗള്‍ഫ് നിക്ഷേപം ചിതറിപ്പോകാതിരിക്കാനും മടങ്ങിവരുന്ന ഗള്‍ഫ് ജോലിക്കാരെ പുനരധിവസിപ്പിക്കാനും സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post