കൊല്‍ക്കത്ത: സംസ്ഥാനത്ത് ഒരു തരത്തിലുള്ള വര്‍ഗ്ഗീയ പ്രശ്‌നങ്ങളുമില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നാനത്വത്തില്‍ ഏകത്വം എന്നതാണ് സംസ്ഥാനത്തിന്റെ ആപ്തവാക്യമെന്നും ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു.
ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയതിന് പിറകേയാണ് മമതയുടെ പ്രതികരണം. ബംഗാളില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഇല്ലെന്നും മാവോയിസ്റ്റുകളെ അടിച്ചൊതുക്കിയത് ചൂണ്ടിക്കാട്ടി മമത പറഞ്ഞു
ബംഗാളിലെ മാള്‍ഡ ജില്ലയിലെ കാലിയാചക്കില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഇദാരെ ശരിയ എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചതുള്‍പ്പടെയുളള അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന ആക്ഷേപവുമായി ബി.ജെ.പി ബംഗാള്‍ ഘടകം രംഗത്തെത്തിയിരുന്നു.
വര്‍ഗ്ഗീയതയുടെ കലിതുള്ളലാണ് മാള്‍ഡയില്‍ കണ്ടെതെന്നും, സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ അക്രമപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും കുറ്റപ്പെടുത്തി. സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു.
Discussion about this post