തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട് സന്ദർശിച്ചു. അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയെയും ശ്രേയസിനെയും നേരിൽ കാണാനും ആശംസകൾ അറിയിക്കാനും ആണ് ഗവർണർ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീടായ ലക്ഷ്മിയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് സ്വീകരിച്ചു. ദമ്പതികളായ ഭാഗ്യയും ശ്രേയസും ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും അനുഗ്രഹം ഏറ്റുവാങ്ങി. കഴിഞ്ഞ ജനുവരി 17 ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹം.
തിരക്കുകൾ മൂലം വിവാഹത്തിന് എത്താൻ കഴിയാതിരുന്നതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുരേഷ് ഗോപിയുടെ വീട്ടിലെത്തി നവദമ്പതികളെ ആശീർവദിച്ചത്. വിഭവസമൃദ്ധമായ കേരള സദ്യ ഒരുക്കിയാണ് സുരേഷ് ഗോപിയുടെ കുടുംബം ഗവർണറെ സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് സദ്യ വിളമ്പി നൽകുന്നതടക്കമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി ഗവർണറുടെ സന്ദർശനത്തിൽ സന്തോഷം അറിയിച്ചു.
Discussion about this post