തിരുവനന്തപുരം: മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയായ സവാദിനെതിരെ വൻ നീക്കവുമായി എൻ.ഐ.എ. സവാദിൻറെ ഡിഎൻഎ പരിശോധന നടത്തും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുന്നതിനായാണ് നീക്കം. ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്.
കേസിൽ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡിൽ വിട്ടത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും എൻ ഐ എ വ്യക്തമാക്കി.
2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിൻറെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ മാസമാണ് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന് പേര് മാറ്റി കുടുംബമായി കണ്ണൂർ ജില്ലയിൽ താമസിച്ച് വരുന്നതിനിടെയാണ് പിടികൂടിയത്.












