മാലെ: മാലദ്വീപ് പാർലമെന്റിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പി പി എം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പി എൻ സി) അംഗങ്ങളും മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം ഡി പി), ദ് ഡെമോക്രാറ്റ്‌സ് പാർട്ടിയുടെ അംഗങ്ങളും തമ്മിലാണ് വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നിരവധി അംഗങ്ങൾക്ക് പരിക്കേറ്റു. ഒരു എംപിയുടെ തലപൊട്ടുകയും ചെയ്തു.
മുയിസുവിന്റെ മന്ത്രിസഭയുടെ അംഗീകാരത്തിന് നിർണായകമായ സമ്മേളനം തുടരുന്നതിൽ നിന്ന് സ്പീക്കറെ തടയാൻ സർക്കാർ എംപിമാർ ശ്രമിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. തിരഞ്ഞെടുപ്പ് ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലിദ്വീപിലെ രീതി. എന്നാൽ കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മൊയ്സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടിക്ക് പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല. മൊയിസു മന്ത്രിമാരാക്കിയ നാലു പേരെ അംഗീകരിക്കില്ലെന്ന് പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് എടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിനെച്ചൊല്ലിയാണ് അംഗങ്ങൾ ഏറെ നേരം തമ്മിലടിച്ചത്.
വിദേശകാര്യത്തിൽ ഇന്ത്യയെ ചൊടിപ്പിക്കുന്നതടക്കം മൊയ്സുവിന്റെ നയങ്ങൾ രാജ്യത്തിന് ആപത്താണ് എന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.











