ചണ്ഡിഗഢ്: സൈനികരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും ധരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, പൊലീസ്, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയും സൈന്യത്തിന്റെ യൂണിഫോം ധരിക്കരുത്. സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. സൈനികവേഷം വില്ക്കുന്നതില് നിന്നു കടക്കാരും ധരിക്കുന്നതില്‍ നിന്നും പൊതുജനങ്ങളും ഒഴിവാകണമെന്നും സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.
ഭീകരാക്രമണം ചെറുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. സൈനിക യൂണിഫോമിന്റെ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയ വഴി യുവാക്കള്‍ പ്രചാരണം നടത്തണമെന്നും സൈനിക വക്താവ് അറിയിച്ചു. സൈനിക ക്യാമ്പിലെ യൂണിഫോം വില്‍പ്പന നടത്തുന്ന കൗണ്ടറിലെ ജീവനക്കാരുടെ തിരിച്ചറിയില്‍ രേഖകള്‍ പരിശോധിക്കുമെന്നും ഈ വിലക്ക് ലംഘിക്കുന്നവരെ പരിശോധിക്കാന്‍ പൊലീസിന് അവകാശമുണ്ടായിരിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.
സൈനികരുടെ യൂണിഫോമിനുപയോഗിക്കുന്ന തുണികള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. സ്യൂട്ട്കേസിന്റെ കവറിനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ തുണി വ്യപകമായി ഉപയോഗിക്കുന്നുണ്ട്. ഇനിമുതല്‍ ഇവയുടെ ഉത്പാദനത്തിനും വില്‍പ്പനയ്ക്കും വിലക്ക് ബാധകമായിരിക്കും.
Discussion about this post