ഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനുള്ള സമയമായെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മുമ്പ് ജീവിതം കെട്ടിപ്പടുക്കാനും സമ്പാദിക്കാനും ഇന്ത്യക്കാരന് വിദേശത്തേക്കുപോകേണ്ട സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ സാഹചര്യം മാറുകയാണെന്നും സമ്പാദിക്കാനുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍തന്നെ ലഭ്യമാണെന്നും അവര്‍ പറഞ്ഞു.
പഠനശേഷം ജോലിക്കും സമ്പാദനത്തിനും വിദേശത്ത് കഴിഞ്ഞശേഷം വിശ്രമജീവിതത്തിനെങ്കിലും സ്വരാജ്യത്തേക്ക് മടങ്ങണം എന്ന സ്വപ്നമാണ് ഇന്ത്യക്കാര്‍ മനസ്സില്‍ സൂക്ഷിക്കുന്നത്. അവര്‍ക്ക് മടങ്ങിവരാനുള്ള സമയമായെന്നും പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവെ സുഷമ പറഞ്ഞു.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി പ്രതിരോധം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍, റെയില്‍വേവികസനം തുടങ്ങിയ മേഖലകളിലെല്ലാം വര്‍ധിപ്പിച്ചത് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വംശജര്‍ക്കും വലിയ അവസരമാണ് തുറന്നുനല്‍കുന്നത്. മേക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ ഇന്ത്യയില്‍തന്നെ തൊഴിലവസരങ്ങളും സമ്പാദ്യ സാഹചര്യവും ഉറപ്പാക്കുന്നതാണ്. ആരോഗ്യവിദ്യാലയ, സ്വച്ഛ് ഭാരത്, ഗംഗാശുചീകരണ പദ്ധതികളാവട്ടെ കളിച്ചുവളര്‍ന്ന നാടിനോടുള്ള കടപ്പാട് വീട്ടാനുള്ള അവസരവുമാണ്.
വിദേശത്തെ സാധാരണക്കാരായ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അനൗദ്യോഗിക അംബാസഡര്‍മാരാണ്. നല്ല അയല്‍ക്കാര്‍, കഠിനാധ്വാനികള്‍, നിയമം പാലിക്കുന്നവര്‍ എന്നീ സല്പേരാണ് വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാര്‍ നേടിയെടുത്തിട്ടുള്ളത്. യുക്രെയ്ന്, ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ പ്രതിസന്ധികളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചത്തെിക്കാന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു.
Discussion about this post