തൃശ്ശൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു.അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ സ്ലാബ് തകര്‍ന്നു ആനക്കുട്ടി ടാങ്കിനുള്ളില്‍ വീഴുകയായിരുന്നു. താഴ്ചയുള്ള കുഴിയായതിനാല്‍ ആനക്കുട്ടിക്ക് തന്നെ പുറത്തേക്ക് കടക്കാനായില്ല.
ആനക്കുട്ടി വീണ് കിടക്കുന്നത് ആദ്യം കണ്ടത് കോര്‍പറേഷന്‍ ആളുകളാണ്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍ആര്‍ടി സംഘത്തിന്റെ സഹായം തേടി. ആര്‍ആര്‍ടി സംഘം കൊണ്ടുവന്ന വൃത്താകൃതിയിലുള്ള നെറ്റ് താഴേക്ക് ഇട്ടശേഷം ആനക്കുട്ടിയെ അതിനുള്ളിലാക്കി പുറത്തേക്ക് എത്തിച്ചു. ശേഷം നെറ്റിന്റെ കെട്ടഴിച്ച് ആനക്കുട്ടിയെ തുറന്നുവിടുകയായിരുന്നു.
ആനക്കുട്ടി വീണത്തിന് ശേഷം കാട്ടാനക്കുട്ടം സംഭവ സ്ഥലത്ത് നിന്ന് പോവാതെ അവിടെ തന്നെ നിലയുറപ്പിച്ചു. അതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ജാഗ്രതയോടെയാണ് നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.











