തിരുവനന്തപുരം: തനിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല വിരമിച്ചപ്പോൾ കിട്ടിയ തുക കൊണ്ടാണ് മകൾ കമ്പനി തുടങ്ങിയതെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു ആരോപണങ്ങൾ തന്നെ ഒരു രീതിയിലും ബാധിക്കില്ല. പ്രതിപക്ഷം ആരോപണങ്ങൾ തുടരട്ടെ. ജനം അത് സ്വീകരിക്കുകയോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വികാരഭരിതനായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിരിയാണിച്ചെമ്പ്, സിംഗപ്പൂർ യാത്ര,ടെക്‌നിക്കാലിറ്റി, കമല ഇന്റർനാഷണൽ,കൊട്ടാരം പോലുള്ള വീട്,നാടുമുഴുവൻ സ്ഥലംവാങ്ങി അങ്ങനെ എന്തെല്ലാമായിരുന്നു നേരത്തെ. പക്ഷേ അതൊന്നും ഇവിടെ ഏൽക്കില്ല. കാരണം ഈ കൈകൾ ശുദ്ധമാണ്.ഭാര്യയെ കുറിച്ചായിരുന്നു പിന്നീട്. ഇപ്പോൾ മകളിലേക്ക് എത്തിയിട്ടുണ്ട്. മകൾ ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, അവളുടെ അമ്മയായ എന്റെ ഭാര്യ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കാശുകൊണ്ടാണ്, അത് ബാങ്കിൽ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയി നിന്റേതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്നുപറഞ്ഞിട്ട് തുടങ്ങുകയായിരുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.അപ്പൊ അതിൽനിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല, ഏശാത്തത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അതൊന്നും അഹംഭാവം പറച്ചില്ലല്ല അതൊക്കെ ആരുടെ മുന്നിലും പറയാൻ കഴിയും, തലയുയർത്തി തന്നെ പറയാനാകും-പിണറായി വ്യക്തമാക്കി.
‘മനഃസമാധാനമാണ് പ്രധാനം. നിങ്ങൾ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാവൂ. തെറ്റ് ചെയ്തെങ്കിൽ മനഃസമാധാനം ഉണ്ടാകില്ല. തെറ്റായ കാര്യങ്ങൾ നമ്മളെക്കുറിച്ച് പറയുമ്പോൾ ഉള്ളാലെ ചിരിച്ചുകൊണ്ട് അത് കേൾക്കാൻ പറ്റും. ഉള്ളാലെ ചിരിച്ചുകൊണ്ട് അങ്ങനെ കേൾക്കാൻ പറ്റുന്ന മാനസികാവസ്ഥയിലാണ് ഞാൻ. ഒന്നും എന്നെ ഏശില്ല. ഏശാത്തത് ഇതുകൊണ്ടുതന്നെയാണ്. അതൊരു അഹംഭാവം പറച്ചിലൊന്നുമല്ല. ഈ കൈകൾ ശുദ്ധമാണ്. അതുകൊണ്ടാണ്. അതാരുടെ മുന്നിലും പറയാൻ കഴിയും. അല്പം തലയുയർത്തിത്തന്നെ പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.












