തൃശൂർ : ഭവനവായ്പ അടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി ഉയർത്തിയ സ്വകാര്യബാങ്കിന്റെ നടപടിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി ചെമ്പൻ വീട്ടിൽ വിനയന്റെ മകൻ 26 വയസ്സുകാരനായ വിഷ്ണു ആണ് ആത്മഹത്യ ചെയ്തത്. 12 വർഷം മുൻപ് കുടുംബം എടുത്ത ഭവന വായ്പ ഏതാനും അടവ് മുടങ്ങിയതോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചതോടെയാണ് യുവാവ് മനംനൊന്ത് ആത്മഹത്യ ചെയ്തത്.
12 വർഷങ്ങൾക്കു മുൻപാണ് വിഷ്ണുവിന്റെ കുടുംബം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാഞ്ഞാണി ശാഖയിൽ നിന്നും വീട് നിർമ്മിക്കുന്നതിനായി എട്ടു ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. ഇതിൽ 8 ലക്ഷത്തി എഴുപത്തിനാലായിരം രൂപ ഇതുവരെ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ കോവിഡ് കാലത്ത് തൊഴിൽ പ്രതിസന്ധി ഉണ്ടായതോടെ വായ്പയുടെ അടവുകൾ മുടങ്ങി. ബാങ്കിന്റെ കണക്കനുസരിച്ച് ഇനിയും ആറ് ലക്ഷം രൂപ കൂടി വിഷ്ണുവിന്റെ കുടുംബം തിരിച്ചടയ്ക്കേണ്ടതായി ഉണ്ട്. ഇതോടെ ബാങ്ക് അധികൃതർ വിഷ്ണുവിനോടും കുടുംബത്തിനോടും വീട് ഒഴിയാൻ അറിയിക്കുകയായിരുന്നു.
ജപ്തി നടപടികൾ ആരംഭിച്ചതായും വീട് ഒഴിഞ്ഞ് താക്കോൽ കൈമാറാൻ ബാങ്ക് പ്രതിനിധി അറിയിച്ചിരുന്നത് വിഷ്ണുവിന്റെ ബന്ധുക്കൾ അറിയിച്ചു. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് വിഷ്ണു ആത്മഹത്യ ചെയ്തത്. വീട് ഒഴിഞ്ഞ് തൽക്കാലത്തേക്ക് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറുന്നതിനായുള്ള ഒരുക്കങ്ങൾ വീട്ടുകാർ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിഷ്ണു കടുത്ത മനോവിഷമത്തിൽ ആയിരുന്നു എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. തുടർന്ന് താക്കോൽ കൈമാറേണ്ട ഇന്ന് രാവിലെ വിഷ്ണു വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.
Discussion about this post