എറണാകുളം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്ന് പറഞ്ഞു വരുത്താൻ ചിലർക്ക് വലിയ ഉത്സാഹം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സംസ്ഥാനത്തെ വ്യാവസായിക മുന്നേറ്റം ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ ഇടപെടലുകൾ മികച്ച ഫലം ആണ് കാണിക്കുന്നത്. കഴിഞ്ഞവർഷം കേരളം 17.3% വ്യാവസായിക വളർച്ച കൈവരിച്ചെന്നും പിണറായി വിജയൻ വ്യക്തമാക്കി.
വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ കാക്കനാട് നിർമ്മിച്ച ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ” കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ കേരളത്തിൽ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപമാണ് വന്നിട്ടുള്ളത് എന്ന് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ട് പറയുന്നു. അതിൽ 33,815 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. മുടങ്ങിക്കിടന്നിരുന്ന 12,240 കോടിയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിക്കപ്പെട്ടു”എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസായങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്ന കാര്യത്തിൽ മാത്രമാണ് കേരളത്തിന് പരിമിതികൾ ഉള്ളത്. എന്നാൽ സമീപഭാവിയിൽ പ്രാധാന്യമുള്ള വ്യവസായങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരിന്റെ വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തുകോടി രൂപ വരെയുള്ള സ്ഥിരം മൂലധനത്തിന് 10% സബ്സിഡി അനുവദിച്ചിട്ടുണ്ട്. ഇടത്തരം വ്യവസായങ്ങൾക്ക് അഞ്ചുവർഷത്തേക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകുകയും ചെയ്യും. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് വ്യവസായം ആരംഭിക്കാൻ രജിസ്ട്രേഷൻ ചാർജുകളിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും ഇളവ് നൽകുകയും ചെയ്യും എന്നും പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post