കേപ്ടൗൺ : സൗത്ത് ആഫ്രിക്ക 20 ലീഗ് മത്സരത്തിനായി സൗത്ത് ആഫ്രിക്കയിൽ എത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ആക്രമണം. തോക്കിൻ മുനയിൽ നിർത്തി താരത്തിന്റെ ബാഗും മൊബൈലും അടക്കമുള്ള വസ്തുക്കൾ കൊള്ളയടിക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഓൾറൗണ്ടറായ ഫാബിയൻ അലൻ ആണ് കൊള്ളയടിക്കപ്പെട്ടത്.
സൗത്ത് ആഫ്രിക്ക 20 ലീഗ് മത്സരങ്ങളിൽ പാൾ റോയൽസിനായി കളിക്കുന്ന താരമാണ് 28 വയസ്സുകാരനായ ഓൾറൗണ്ടർ ഫാബിയൻ അലൻ. ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ ആയാണ് അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ എത്തിയിരുന്നത്. ജോഹന്നാസ് ബർഗിലെ പ്രശസ്തമായ സാൻഡ്ടൺ സൺ ഹോട്ടലിന് പുറത്തുവെച്ചായിരുന്നു ഫാബിയൻ അലനെതിരെ ആക്രമണം നടന്നത്.
സാൻഡ്ടൺ സൺ ഹോട്ടലിന് സമീപത്ത് വെച്ച് ഫാബിയൻ അലനെ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി കയ്യിലുള്ള ബാഗും മൊബൈൽഫോണും ഉൾപ്പെടെയുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയായിരുന്നു. സംഭവത്തിൽ ഫാബിയൻ അലന് പരിക്കുകൾ ഒന്നും ഏറ്റിട്ടില്ല എന്നാണ് സൂചന. ഈ സംഭവത്തോടെ സൗത്ത് ആഫ്രിക്കൻ ലീഗിൽ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക വർദ്ധിക്കുകയാണ്.
Discussion about this post