ന്യൂഡൽഹി: സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഈ നീരീക്ഷണം മുന്നോട്ടുവെച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സർക്കാർ ജോലികളിലും എസ് സി -എസ് ടി സംവരണത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഉപസംവരണം ഏർപ്പെടുത്താമോയെന്ന ഹർജിയിൽ ഭരണഘടന ബെഞ്ച് വാദം കേൾക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരാണ് ഹർജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ടിട്ടുള്ളത്.
സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. ഒരു വ്യക്തിക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാൽ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികൾക്കോ മറ്റു സാമൂഹിക സാഹചര്യത്തിൽ നിന്ന് മാറ്റം ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് വീണ്ടും തലമുറകൾക്ക് സംവരണം നൽകുന്നതെന്ന ചോദ്യം വാദത്തിനിടെ ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആർ ഗവായ് ഉന്നയിച്ചു
Discussion about this post