മുംബൈ: ടാറ്റ സൺസിന്റെ ചെയർമാനായ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനത്തിനൊരുങ്ങുന്നു. മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രിയുടെ ഉദ്ഘാടനം മാർച്ച് ആദ്യ വാരം നടക്കുമെന്നാണ് വിവരം. മുംബൈ മഹാലക്ഷ്മിയിലാണ് ടാറ്റ ട്രസ്റ്റ് സ്‌മോൾ അനിമൽസ് ഹോസ്പിറ്റൽ സ്ഥാപിച്ചിരിക്കുന്നത്. നായ്ക്കൾ, പൂച്ചകൾ, മുയലുകൾ എന്നുവേണ്ട എല്ലാ ചെറിയ വളർത്തുമൃഗങ്ങൾക്കും ഇവിടെ 24 മണിക്കൂറും അത്യാധുനിക ചികിൽസയും പരിചരണവും ലഭ്യമാകും.
അഞ്ച് നിലകളുള്ള മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമ്മാണചെലവ് 165 കോടി രൂപയാണ്. ബ്രിട്ടീഷ് മൃഗ ഡോക്ടറായ തോമസ് ഹീത് കോട്ടാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുക.സോഫ്റ്റ് ടിഷ്യു, ഓർത്തോപീഡിക് സർജറികൾ ഉൾപ്പെടെ നടത്താവുന്ന നാല് ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു, ഐ ഡിപ്പന്റൻസി, ജനറൽ വാർഡുകൾ, എംആർഐ, സിടി, എക്‌സ്‌റേ, അൾട്രാസൌണ്ട് സ്‌കാൻ സൌകര്യങ്ങൾ, പതോളജി വിഭാഗം, ഡെന്റൽ, ഒഫ്താൽമോളജി എന്നുവേണ്ട, ത്വക് രോഗ വിഭാഗമടക്കം എല്ലാ അത്യാധുനിക ചികിത്സയും ഇവിടെ ലഭ്യം
2017ൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആശുപത്രി നിർമ്മാണത്തിന് നവി മുംബൈ ആണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ മൃഗങ്ങളുമായി ആളുകൾക്ക് എത്തിപ്പെടാനുള്ള പ്രയാസമാണ് സ്ഥലം മാറ്റത്തിന് കാരണം. അത്യാവശ്യ ഘട്ടത്തിൽ ആളുകൾക്ക് എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലത്ത് വേണം ആശുപത്രി നിർമ്മിക്കേണ്ടത് എന്നും നിർമ്മാണത്തിന് ആവശ്യമായ സ്ഥലവും അനുമതിയും ലഭിക്കുക എന്നതും ഒരു പ്രധാന കാര്യമാണെന്നും രത്തൻ ടാറ്റ പറഞ്ഞു.
തന്റെ വളർത്തു നായയുടെ കാലിന്റെ ജോയിന്റ് മാറ്റിവയ്‌ക്കേണ്ടി വന്നപ്പോൾ അതിനായി മിനെസോട്ട യൂണിവേഴ്‌സിറ്റി ആശുപത്രി വരെ പോകേണ്ടി വന്നു. പക്ഷേ സമയം ഏറെ വൈകിയത് കൊണ്ട് കാൽ മരവിപ്പിച്ചാണ് അവർ ചികിത്സിച്ചത്. അത് കണ്ടപ്പോഴാണ് ആധുനിക സൗകര്യങ്ങളുള്ള ഒരു മൃഗാശുപത്രിയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന കാര്യം താൻ മനസിലാക്കിയതെന്നും രത്തൻ ടാറ്റ പറയുന്നുവീട്ടിൽ വളർത്തുന്ന ഒരു ജീവി കുടുംബാഗംത്തെപ്പോലെയാണെന്നും, ഒരുപാട് ജീവികളെ വളർത്തുന്ന ഒരാൾ എന്ന നിലയിൽ ഇത്തരം ഒരു ആശുപത്രിയുടെ ആവശ്യകത താൻ തിരിച്ചറിയുകയായിരുന്നുവെന്നും രത്തൻ ടാറ്റ പ്രതികരിച്ചു.










