ഡല്‍ഹി: കശ്മീര്‍ സ്വദേശികളെന്ന കാരണത്താല്‍ കുടുംബത്തിനു ഹോട്ടലുകളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹി പഹാഡ്ഗഞ്ചിലെ മൂന്നു ഹോട്ടലുകളില്‍ കാശ്മീരി കുടുംബത്തിനു പ്രവേശം നിഷേധിച്ചത്. ആരിഫ് ഹുസൈന്, ഇയാളുടെ സഹോദരി, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരാണ് പരാതിക്കാര്‍.
പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം ഹോട്ടലുകളില്‍ പ്രവേശനം നല്കുന്നതില് ശ്രദ്ധവേണമെന്നു ഡല്‍ഹി പോലീസ് നിര്‍ദേശം നല്‍കിയതിനെ ത്തുടര്‍ന്നാണ് ഈ കുടുംബം പെരുവഴിയിലായത്. ഇതേത്തുടര്‍ന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ കഴിയേണ്ടി വന്നുവെന്ന് ആരിഫ് പറയുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഇവര്‍ ഉത്തരാഖണ്ഡിലേക്കു പോയി. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും പോലീസ് മേധാവി ബി.എസ്. ബാസിയെയും അഭിസംബോധന ചെയ്തുകൊണ്ട് സംഭവം ആരിഫ് ട്വീറ്റ് ചെയ്യുകയായിരുന്നു.
ഹോട്ടലില്‍ പ്രവേശനം നല്‍കുന്നതിനായി തങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഭാര്യാ സഹോദരന്റെ ബാങ്ക് ഐഡി കാര്‍ഡ് എന്നിവയെല്ലാം ഹോട്ടലിലുള്ളവരെ കാണിച്ചെങ്കിലും പ്രവേശം ലഭിച്ചില്ലെന്ന് ആരിഫ് പറയുന്നു.
എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഡല്‍ഹി ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ നിലപാട്.
Discussion about this post