തിരുവനന്തപുരം : കേരളത്തിൽ മഴക്കാലം വന്നെത്തിയിട്ടും മാംസ വിപണിയിലെ പൊള്ളുന്ന വിലയിൽ മാറ്റമില്ല. വേനലിൽ ചൂട് കൂടിയതോടെ വലിയതോതിലുള്ള വിലക്കയറ്റം ആയിരുന്നു മാംസ വിപണിയിൽ ഉണ്ടായത്. കോഴിക്ക് 180 രൂപയോളവും ബീഫ് പോർക്ക് എന്നിവയ്ക്ക് 400 ലേറെയും ആയി വില ഉയർന്നിരിക്കുകയാണ്.
പല ജില്ലകളിലും വില 420 പിന്നിട്ടാണ് ബീഫ് വില്പന നടക്കുന്നത്. പോർക്ക് വിലയും 400 കടന്നു. കിലോക്ക് 280 രൂപ വിലയുണ്ടായിരുന്ന പോർക്ക് നിലവിൽ 400 രൂപയ്ക്കാണ് മിക്കയിടങ്ങളിലും വില്പന നടത്തുന്നത്. ലൈവ് കന്നുകാലികളുടെ വില്പന വിലയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. നിലവിൽ കിലോക്ക് 200 മുതൽ 220 രൂപ വരെ നിരക്കിലാണ് ലൈവ് കന്നുകാലി വിൽപ്പന നടക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും പോത്തിന്റെയും പന്നിയുടെയും ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റം ഉണ്ടായത് എന്നാണ് വ്യാപാരികൾ പറയുന്നത്. ചൂട് കൂടിയതോടെ കോഴി ഫാമുകളിൽ ഉത്പാദനം കുറഞ്ഞതും കോഴിക്കുഞ്ഞുങ്ങൾ ചൂട് മൂലം ചാവുന്നത് പതിവാവുകയും ചെയ്തതോടെയാണ് കോഴി വില 180 രൂപ വരെ ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ മാംസ വിപണിയിൽ ഉടൻ വിലക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഇല്ല എന്നാണ് പറയപ്പെടുന്നത്.
Discussion about this post