ബംഗളൂരു : ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ സേവ് ദി ഡേറ്റ് വീഡിയോ ചിത്രീകരിച്ചതിന് ഡോക്ടർക്കെതിരെ നടപടി. കർണാടകയിലെ ചിത്രദുർഗ്ഗയിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ താൽക്കാലിക വേക്കൻസിയിൽ ജോലി ചെയ്തിരുന്ന യുവ ഡോക്ടർ അഭിഷേക് ആണ് പ്രതിശ്രുത വധവും ചേർന്ന് ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പ്രീ വെഡിങ് ഫോട്ടോഷൂട്ട് നടത്തിയത്.
ചിത്രദുർഗ്ഗ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ഉള്ളിൽ വച്ചായിരുന്നു ഡോക്ടറും വധുവും ചേർന്നുള്ള വീഡിയോ ചിത്രീകരിച്ചത്. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട തീമിനെ അടിസ്ഥാനമാക്കിയായിരുന്നു ഡോക്ടറുടെ പ്രീ വെഡിങ് ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫർമാരുടെ സംഘവും രോഗിയായി അഭിനയിച്ച ഒരു വ്യക്തിയും കൂടിച്ചേർന്നായിരുന്നു ഓപ്പറേഷൻ തിയേറ്ററിൽ വീഡിയോ ചിത്രീകരിച്ചത്.
വീഡിയോ പുറത്തിറങ്ങിയതോടെ ഇത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. വീഡിയോയിൽ ഉള്ളത് യഥാർത്ഥ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ആണെന്ന് മനസ്സിലായതോടെ ഡോ. അഭിഷേകിനെ പിരിച്ചുവിടാനായി കർണാടക ആരോഗ്യമന്ത്രി ആണ് ഉത്തരവിട്ടത്. സർക്കാർ ആശുപത്രികൾ പൊതുജനങ്ങളെ സേവിക്കുന്നതിനുള്ള സ്ഥലമാണെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല എന്നുമാണ് ഡോക്ടറെ പിരിച്ചുവിട്ട നടപടിയെ കുറിച്ച് കർണാടക സർക്കാർ വ്യക്തമാക്കിയത്.








