കൊൽക്കത്ത : ഇന്ത്യയും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര വൃക്കക്കടത്ത് സംഘത്തെ ബിധാനഗർ പോലീസും പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ചേർന്ന് തകർത്തു. കൊൽക്കത്തയിലെ ബാഗുയാത്തിയിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് സംഘത്തിന്റെ സൂത്രധാരനായ ബംഗ്ലാദേശ് സ്വദേശി റസ്സൽ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിർധനരായ യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചാണ് സംഘം ഈ ക്രൂരകൃത്യം നടത്തിയിരുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ച് നിർമ്മിച്ച ആധാർ, വോട്ടർ, പാൻ കാർഡുകളും അവയവ വിൽപ്പനയുടെ വിവരപ്പട്ടികയും റസ്സലിന്റെ പക്കൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
കൽക്കത്തയിലെ ഫാക്ടറി തൊഴിലാളിയായ മംഗൾ മണ്ഡൽ എന്ന യുവാവിന് ലുധിയാനയിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് സംഘം വലയിലാക്കിയത്. ലുധിയാനയിൽ എത്തിച്ച യുവാവിനെ അബോധാവസ്ഥയിലാക്കി അറിയാതെ വൃക്ക നീക്കം ചെയ്യുകയായിരുന്നു. പിന്നീട് ഗുരുതരാവസ്ഥയിലായ മംഗൾ മണ്ഡലിനെ പരിശോധിച്ചപ്പോഴാണ് ഒരു വൃക്ക നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്. ഓഗസ്റ്റ് 18-ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം ഇടനിലക്കാരനായ പ്രഭാസ് മണ്ഡലിനെ അറസ്റ്റ് ചെയ്യുകയും ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രധാന പ്രതിയായ റസ്സൽ അഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും ചെയ്തത്.
മുമ്പും സമാനമായ രീതിയിൽ ദൽഹിയിൽ വെച്ച് പിടിയിലായിട്ടുള്ള റസ്സൽ അഹമ്മദ്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊൽക്കത്ത കേന്ദ്രീകരിച്ച് ശൃംഖല വ്യാപിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും പോലീസിന് രേഖകൾ ലഭിച്ചിട്ടുണ്ട്. പ്രതിയെ ബാരാസത് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പോലീസ്, സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ഡോക്ടർമാരെയും മറ്റ് ഏജന്റുമാരെയും കണ്ടെത്താനായി വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








