ചെന്നൈ : തമിഴ്‌നാട്ടിലെ ചെംഗൽപട്ടൂരിൽ ഉപഭോക്താവിൽ നിന്ന് നിശ്ചിത നിരക്കിലും ഉയർന്ന തുക ഈടാക്കിയ സംഭവത്തിൽ പ്രമുഖ ടെലികോം കമ്പനിയായ എയർടെലിന് ഉപഭോക്തൃ കമ്മീഷൻ 40,000 രൂപ പിഴയും നഷ്ടപരിഹാരവും ചുമത്തി. പുതിയ സിം കാർഡ് നൽകുന്നതിന് നിശ്ചിത തുകയായ 50 രൂപയ്ക്ക് പകരം 650 രൂപ ഈടാക്കിയതിനാണ് നടപടി. ചെംഗൽപട്ടു സ്വദേശിയായ സരിത നൽകിയ പരാതിയിലാണ് ചെംഗൽപട്ടു ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ട്രൈബ്യൂണൽ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് സരിത ചെംഗൽപട്ടൂരിലെ എയർടെൽ ഏജൻസിയെ സമീപിച്ച് പുതിയ സിം കാർഡിനായി അപേക്ഷിക്കുകയായിരുന്നു. പിതാവിന്റെ പേരിലുള്ള സിം കാർഡായതിനാൽ അധിക തുക നൽകണമെന്ന് ഏജന്റ് ആവശ്യപ്പെടുകയും തുടർന്ന് ഇവർ 650 രൂപ ഡിജിറ്റൽ പേയ്‌മെന്റ് വഴി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോഴാണ് പുതിയ ഡ്യൂപ്ലിക്കേറ്റ് സിമ്മിന് 50 രൂപ മാത്രമാണ് നിരക്കെന്നും പേര് മാറ്റുന്നതിന് അധിക തുക നൽകേണ്ടതില്ലെന്നും വ്യക്തമായത്. തുടർന്നാണ് സരിത ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
കേസ് പരിശോധിച്ച കമ്മീഷൻ ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ 600 രൂപ 24 ശതമാനം പലിശ സഹിതം തിരികെ നൽകാൻ നിർദ്ദേശിച്ചു. കൂടാതെ കമ്പനിയുടെ സേവനത്തിലെ വീഴ്ചയ്ക്കും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 25,000 രൂപയും കോടതി ചെലവുകൾക്കായി 15,000 രൂപയും അടക്കം ആകെ 40,000 രൂപ നഷ്ടപരിഹാരം നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. നിയമവിരുദ്ധമായ ഇത്തരം സാമ്പത്തിക ചൂഷണങ്ങൾ അനുവദിക്കാനാവില്ലെന്നും ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കി.








