26-ാമത് ഷാങ്ഹായ് സഹകരണ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബിഷ്‌കെക് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് പരമ്പരാഗത കിർഗിസ് നൃത്തരൂപങ്ങളുടെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മന്ത്രിസഭാ കൗൺസിൽ ചെയർമാൻ കസിമാലീവ് അദിൽബെക് അലേഷോവിച്ചിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം അദ്ദേഹത്തെ സ്വീകരിച്ചു. ഉസ്‌ബെക്കിസ്ഥാൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബിഷ്‌കെക്കിലേക്ക് എത്തിയത്.
കിർഗിസ് പ്രസിഡന്റ് സാദിർ ജപറോവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സംഘടന രൂപീകൃതമായതിന്റെ 25-ാം വാർഷിക വേളയിലാണ് ഈ ഉച്ചകോടി നടക്കുന്നത്. മേഖലയിലെ സുരക്ഷ, സാമ്പത്തിക സഹകരണം, ഡിജിറ്റൽ ബന്ധങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയ്ക്കെതിരെ ശക്തമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉച്ചകോടിയിൽ ഉന്നയിക്കും. ഇതിനുപുറമെ മധ്യ ഏഷ്യൻ സംസ്‌കാരത്തിന്റെ ഭാഗമായ ആറാമത് വേൾഡ് നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കാളിയാകും.
ഉച്ചകോടിയുടെ ഭാഗമായി ലോകത്തെ വിവിധ പ്രമുഖ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപാരം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിലെ പ്രാദേശിക സഹകരണം വർദ്ധിപ്പിക്കാനും മധ്യ ഏഷ്യൻ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ആഴമുള്ളതാക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.








