ലണ്ടൻ:അർബുദ ബാധയെക്കുറിച്ച് വെളിപ്പെടുത്തിയ ശേഷം തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞ് ചാൾസ് മൂന്നാമൻ.’ തന്റെ രോഗം അറിഞ്ഞതിന് ശേഷം അടുത്ത ദിവസങ്ങളിൽ തനിക്ക് പിന്തുണയുടെയും ആശംസകളുടെയും നിരവധി സന്ദേശങ്ങളാണ് വന്നത്. ഇത്രയും പിൻന്തുണ അറിയിച്ചതിൽ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ താൻ ആഗ്രഹിക്കുന്നു ‘എന്നും ചാൾസ് രാജാവ് അറിയിച്ചു. ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു എന്നും ,ചികിത്സ ആരംഭിച്ചതായും ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
കാൻസർ ബാധിതനായതിന് ശേഷം ബ്രിട്ടനിലെ ചാൾസ് രാജാവ് രാജാവിന് ഏത് തരത്തിലുള്ള അർബുദമാണെന്ന് കൊട്ടാരം വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ചാൾസ് മൂന്നാമൻ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസവുമായി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനിടെ നടത്തിയ വിശദമായ പരിശോധനകളിലാണ് അദ്ദേഹത്തിന് അർബുദം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കും. അതേസമയം ഭരണഘടനാപരമായ ചുമതലകൾ കൈമാറുന്നില്ല എന്നും അധികൃതർ അറിയിച്ചിരുന്നു.
പൊതുപരിപാടികളിൽ നിന്നും കൂടിക്കാഴ്ചകളിൽ നിന്നും രാജാവ് വിട്ട് നിൽക്കുമ്പോൾ നിരവധി ഊഹാപോഹങ്ങൾ ഉണ്ടാവും. അതെല്ലാം അവസാനിപ്പിക്കാനാണ് അർബുദ ബാധയെക്കുറിച്ച് വെളിപ്പെടുത്താൻ രാജാവ് തന്നെ ആവശ്യപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അർബുദത്തോട് പൊരുതുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് വേണ്ടി കൂടിയാണ് വിവരം പങ്കുവയ്ക്കാൻ രാജാവ് തയ്യാറായതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.












