വയനാട്: മാനന്തവാടിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ബേലൂർ മഖ്‌നയെന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. രാവിലെ മുതൽ തന്നെ ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആന ജനവാസ മേഖലയിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മയക്കുവെടിവച്ച് പിടികൂടാൻ അധികൃതർ തീരുമാനിച്ചത്.
നിലവിൽ ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്നലെ രാവിലെ ആനയെ മയക്കുവെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ അധികൃതർ പരിശോധിക്കുന്നുണ്ട്. രാവിലെ സിഗ്നലുകൾ ലഭിക്കുന്ന സ്ഥലത്തേക്ക് ആകും ദൗത്യസംഘം ആദ്യം നീങ്ങുക. ആനയുടെ സ്ഥാനം നോക്കി ആദ്യം ട്രക്കിംഗ് വിദഗ്ധർ ഇറങ്ങും.
ആന നിൽക്കുന്ന കൃത്യമായ സ്ഥാനം ലഭിച്ചാൽ വെറ്റിനറി സംഘം മയക്കുവെടിവയ്ക്കാൻ ആനയുടെ അടുത്തേക്ക് തിരിക്കും. നിലവിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ആനയുടെ നീക്കം അതിവേഗത്തിലാണ്. ഇത് ദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. രാവിലെയെ തന്നെ ആനയുടെ യഥാർത്ഥ സ്ഥാനം ലഭിച്ചാൽ ബാക്കിയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതേസമയം ആനയുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലത്തിൽ കർശന നിയന്ത്രണമാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി നൽകി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
Discussion about this post