ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നത് മുസ്ലീങ്ങളെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടിയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ ഒരു തെറ്റായ നിയമം ആണെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഎ തെറ്റായ നിയമം ആണ്. ഇന്ത്യയുടെ അന്തസത്തയ്ക്ക് എതിരാണ്. മതത്തിന്റെ അടിസ്ഥാനത്തിലാണ് നിയമം രൂപീകരിച്ചിരിക്കുന്നത്. സിഎഎ നിയമത്തെ മാത്രം ഒറ്റയ്ക്ക് കാണാൻ കഴിയില്ല. ഇതിന്റെ ചുവട്പിടിച്ച് എൻപിആറും എൻആർസിയും ഉണ്ട്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് വരുന്നതിന് തങ്ങൾ എതിരല്ലെന്നും ഒവൈസി വിശദമാക്കി.
എന്നാൽ നിയമം മുസ്ലീങ്ങളെയു ദളിതരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും സാരമായി ബാധിക്കും. അതുകൊണ്ടാണ് എഐഎംഐഎം നിയമത്തെ എതിർക്കുന്നതെന്നും ഒവൈസി കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് സിഎഎ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനോട് ആയിരുന്നു ഒവൈസിയുടെ പ്രതികരണം.









