വയനാട് : കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയനാട്ടിലെ വനവാസി ബാലന് ധനസഹായം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. അമ്പതിനായിരം രൂപയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന് നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളത്. പാക്കം കാരേരി കാട്ടുനായ്ക്ക കോളനി നിവാസിയായ ശരത്തിനെ രണ്ടാഴ്ച മുൻപാണ് കാട്ടാന ആക്രമിച്ചിരുന്നത്.
പുൽപ്പള്ളി വിജയ സ്കൂൾ വിദ്യാർത്ഥിയായ ശരത്തിന് കാട്ടാനയുടെ ആക്രമണത്തിൽ കാലിനാണ് പരിക്കേറ്റിരുന്നത്. വയനാട്ടിൽ ദിവസങ്ങളായി വന്യജീവി ആക്രമണം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വയനാട് എംപിയായ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തിയത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ നടന്ന അവലോകന യോഗത്തിലും രാഹുൽഗാന്ധി പങ്കെടുത്തു.
ഇതിനിടെ വയനാട് സന്ദർശിച്ച രാഹുൽ ഗാന്ധിക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് രാഹുൽ ഗാന്ധിക്ക് വയനാട് ആണ് തന്റെ ലോക്സഭാ മണ്ഡലമെന്ന് ഓർമ്മ വന്നത് എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിട്ടും പരാതികൾ പറയാൻ എത്തിയ ജനങ്ങളെ കാണാതിരുന്നതും പ്രതിഷേധത്തിനിടയാക്കി.
Discussion about this post