ഡല്‍ഹി: കൊല്ലം തീരത്ത് മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റലി. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങിയ മാസിമിലാനോ ലത്തോറെ മടങ്ങില്ലെന്നാണ് ഇറ്റാലിയന്‍ സെനറ്റിന്റെ പ്രതിരോധ കമ്മിറ്റി തലവന്‍ അറിയിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോര്‍ ജിറോണ്‍ ഇപ്പോഴും ഇന്ത്യയിലാണ്. ഇയാളെ ജന്മനാട്ടിലെത്തിക്കാന് ഊര്‍ജ്ജിത ശ്രമം നടക്കുന്നതായും സെനറ്റര്‍ നിക്കോള്‍ ലത്തോറെ ഇറ്റലിയുടെ അന്‍സ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
നാല് മാസത്തെ ജാമ്യത്തില്‍ 2014 സെപ്തംബര്‍ 12നാണ് മാസിമിലാനോ ജന്മനാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് സൗകര്യം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കാലാവധി അവസാനിക്കുന്നതിനാല്‍ സുപ്രീംകോടതി ബുധനാഴ്ച ഇത് സംബന്ധിച്ച വാദം കേള്‍ക്കും.
അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് ലത്തോറെയുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് കഴിഞ്ഞ ജൂലായ് 13ന് സുപ്രീംകോടതി ആറ് മാസം കൂടി ഇയാള്‍ക്ക് അവധി അനുവദിച്ചിരുന്നു.
2012 ഫെബ്രുവരി 15ന് കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മുദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കന്യാകുമാരി ഇരയിമ്മന്‍തുറ കോവില്‍വിളാകത്ത് അജീഷ് (പിങ്കു) എന്നിവരെ കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത്.
Discussion about this post