ഓരോ രാജ്യത്തും ആ രാജ്യത്തിന്റെ പൂർവ്വ ചരിത്രത്തെയും സംസ്കാരത്തെയും രേഖപ്പെടുത്തുന്ന ചില പൈതൃക പ്രദേശങ്ങൾ ഉണ്ടായിരിക്കും. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു ഭാരതത്തിൽ ഇത്തരം പൈതൃക പ്രദേശങ്ങൾ അല്പം കൂടുതലായി തന്നെ ഉണ്ടെന്ന് പറയാം. വ്യത്യസ്തമായ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്നവയാണ് ഇവയിൽ ഓരോന്നും. പുരാതനകാലത്തെ ഓർമ്മിപ്പിക്കുന്ന കലകളും വാസ്തുവിദ്യകളും എല്ലാം കൊണ്ട് സമ്പന്നമാണ് ഇന്ത്യയിലെ ഈ ലോക സാംസ്കാരിക പൈതൃക പ്രദേശങ്ങൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട 5 സാംസ്കാരിക ലോക പൈതൃക പ്രദേശങ്ങൾ ഇവയാണ്,
സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ
മധ്യപ്രദേശിലെ സാഞ്ചിയിൽ സ്ഥിതിചെയ്യുന്ന ബുദ്ധ സ്മാരകങ്ങൾ ഇന്ത്യയിൽ എത്തുന്ന സഞ്ചാരികൾക്കിടയിൽ ഒരു പ്രധാനപ്പെട്ട ലാൻഡ് മാർക്ക് തന്നെയാണ്. B. C ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും ആയി നിർമ്മിക്കപ്പെട്ടവയാണ് സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ. ബിസി മൂന്നാം നൂറ്റാണ്ടിൽ മഹാനായ അശോക ചക്രവർത്തിയാണ് സാഞ്ചിയിലെ ബുദ്ധമതകേന്ദ്രത്തിന്റെ അടിത്തറ പാകിയത്.
തൂണുകൾ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയ ബുദ്ധമത സ്മാരകങ്ങളുടെ ഒരു കൂട്ടമാണ് സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ ആയി അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ സംരക്ഷിത ശിലാ ഘടന കൂടിയാണ് ഈ സ്മാരകങ്ങൾ. ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഈ പ്രദേശം 1989 ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
അജന്ത ഗുഹകൾ
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അജന്ത ഗുഹകൾ ബുദ്ധകാല ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന 29 ഗുഹകളുടെ കൂട്ടമാണ്. ബിസി രണ്ടാം നൂറ്റാണ്ടിലാണ് അജന്ത ഗുഹകൾ നിർമ്മിക്കപ്പെടുന്നത്. വലിയ പാറക്കെട്ടുകൾ കൊത്തിയെടുത്ത് നിർമ്മിച്ചവയാണ് ഈ ഗുഹകൾ. പിന്നീടുള്ള 9 നൂറ്റാണ്ടുകളിൽ ഈ ഗുഹകൾ ബുദ്ധ സന്യാസിമാർ പ്രാർത്ഥനാ സ്ഥലങ്ങളായി ഉപയോഗിച്ചിരുന്നവയാണ്. ബുദ്ധ കാലഘട്ടത്തിനുശേഷം പുരാതന ഇന്ത്യയിലെ വ്യാപാരികളും തീർഥാടകരും വിശ്രമ കേന്ദ്രമായി അജന്ത ഗുഹകൾ ഉപയോഗിച്ചിരുന്നു. പൗരാണിക ഇന്ത്യയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന നിരവധി ശിലാ ലിഖിതങ്ങളും ചിത്രകലകളും അജന്ത ഗുഹകളിൽ കാണാൻ കഴിയുന്നതാണ്.
ചോള ക്ഷേത്രങ്ങൾ
ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഏറ്റവും ഉദാത്തമായ ഉദാഹരണങ്ങളാണ് ചോളക്ഷേത്രങ്ങൾ. തമിഴ്നാട്ടിൽ ചോള രാജവംശത്തിന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഗ്രേറ്റ് ലിവിംഗ് ചോള ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ടചോളേശ്വരത്തിലെ ബൃഹദീശ്വര ക്ഷേത്രം, കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രം എന്നിവയാണ് ഈ ക്ഷേത്രങ്ങൾ. A.D 11 നും 12 നും ഇടയിൽ ചോള രാജാക്കന്മാർ നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രങ്ങൾ തമിഴ് സംസ്കാരത്തിന്റെയും ചോള വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണങ്ങളാണ്.
രാജസ്ഥാനിലെ കുന്നിൻ കോട്ടകൾ
രാജസ്ഥാനിലെ ആരവല്ലി മലനിരകളിൽ സ്ഥിതിചെയ്യുന്ന ഭാരതീയ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന ആറ് കോട്ടകളാണ് രാജസ്ഥാനിലെ കുന്നിൻ കോട്ടകൾ എന്നറിയപ്പെടുന്നത്.
ചിത്തിർഗഡ് കോട്ട, ജയ്‌സാൽമീർ കോട്ട, ആംബർ കോട്ട, ഗാഗ്രോൺ കോട്ട, രത്തംബോർ കോട്ട, കുംഭൽഗഡ് കോട്ട എന്നീ മഹത്തായ കോട്ടകളാണ് കുന്നിൻ കോട്ടകൾ. രജപുത്ര രാജവംശത്തിന്റെ ശക്തിയും പാരമ്പര്യവും ചരിത്രവും സംസ്കാരവും വിളിച്ചോതുന്നവയാണ് ഈ ഗാംഭീര്യമുള്ള കോട്ടകൾ. എട്ടാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ചവയാണ് ഈ 6 കോട്ടകൾ.
കൊണാർക്ക് സൂര്യക്ഷേത്രം
പൗരാണിക കാലത്തെ ഭാരതീയ വാസ്തുവിദ്യയുടെ മഹനീയ ഉദാഹരണമാണ് ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം. സൂര്യദേവന് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഹിന്ദു ക്ഷേത്രം ഭീമാകാരമായ രഥത്തിന്റെ ആകൃതിയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കലിംഗ ക്ഷേത്ര വാസ്തുവിദ്യ ശൈലിയിലാണ് കൊണാർക്ക് സൂര്യ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹദേവ ഒന്നാമൻ രാജാവ് ആണ് കൊണാർക്ക് സൂര്യ ക്ഷേത്രം പണികഴിപ്പിച്ചത്. ഭാരതീയ വാസ്തുവിദ്യയിൽ ഊന്നിയ മനോഹരമായ ശില്പങ്ങളും കൊത്തുപണികളും ആണ് കൊണാർക്ക് സൂര്യ ക്ഷേത്രത്തെ കൂടുതൽ ആകർഷണീയമാക്കുന്നത്.
Discussion about this post