തൃശ്ശൂർ : തൃശ്ശൂരിൽ ഭാരത് അരിയുടെ വിതരണം പോലീസ് തടഞ്ഞു. തൃശ്ശൂർ മുല്ലശ്ശേരിയിലാണ് ഭാരത് അരിയുടെ വിതരണം പോലീസ് തടഞ്ഞത്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അരുവിതരണം തടഞ്ഞതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. മുല്ലശ്ശേരി ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പോലീസ് അരി വിതരണം തടഞ്ഞതോടെ സ്ഥലത്ത് ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. പ്രദേശത്തെ ഒരു വാർഡിൽ വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് എന്തിനാണ് കേന്ദ്രസർക്കാരിന്റെ അരിവിതരണം തടസ്സപ്പെടുത്തുന്നതെന്നാണ് ബിജെപി ചോദ്യം ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം ടി എൻ പ്രതാപൻ എം പി ബിജെപിയുടെ അരിയും പരിപ്പും തൃശ്ശൂരിൽ വേവില്ല എന്ന് പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ തുടർനടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നടക്കുന്ന കേന്ദ്രസർക്കാരിന്റെ ഭാരത് അരിയുടെ വിതരണത്തെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒരുപോലെ എതിർക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ചാണ് ബിജെപി അരി വിതരണം നടത്തുന്നത് എന്നാണ് സിപിഐ ആരോപിക്കുന്നത്. രാജ്യത്തെ എംപിമാരെ അറിയിക്കാതെയാണ് കേന്ദ്രസർക്കാർ അരിവിതരണം നടത്തുന്നത് എന്ന് വി കെ ശ്രീകണ്ഠൻ എംപിയും ആരോപണമുന്നയിച്ചു. വോട്ട് ലക്ഷ്യം വച്ചുള്ള അരിവിതരണം പാലക്കാട് വേവില്ല എന്നും കെ ശ്രീകണ്ഠൻ എംപി സൂചിപ്പിച്ചു.
Discussion about this post